വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിന് നൂതന മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കുന്ന പ്രൈഡ് പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള നോളഡ്ജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2026 നുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണ് ഈ പദ്ധതി.
വൈജ്ഞാനിക തൊഴിലിൽ തൽപ്പരരായ, പ്ലസ്‌ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി പരിശീലനം നൽകി തൊഴിൽ രംഗത്തേക്ക് എത്തിക്കും. നോളഡ്ജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ DWMSവഴി രജിസ്റ്റർ ചെയ്ത 382 പേരാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. സാമൂഹ്യ നീതി വകുപ്പിന്റെ ഗുണഭോക്താക്കളായ 1628 വ്യക്തികളെ കൂടി അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും. ട്രാൻസ്ജെൻഡർ വിഭാഗത്തിന് എല്ലാ പിന്തുണയും പൗരാവകാശവും മനുഷ്യാവകാശവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാർ.
അവർ നേരിടുന്ന തൊഴിലില്ലായ്മയും അദൃശ്യതയും ഇല്ലാതാക്കുവാനും മെച്ചപ്പെട്ട തൊഴിൽ സാധ്യതകളിലൂടെ ജീവിത ഗുണനിലവാരവും സാമൂഹ്യ അംഗീകാരവും ഉറപ്പാക്കുവാനും പദ്ധതിയിലൂടെ സാധിക്കും. ഇത് അന്തസോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തിൽ ജീവിക്കാനുള്ള പിൻബലമേകും. സർക്കാർ ഒപ്പമുണ്ടെന്നും പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ പ്രവർത്തനമാരംഭിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ വർഷം 20,000 തൊഴിലവസരം സ്റ്റാർട്ടപ്പുകളിൽ ഒരുക്കും. ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്.
സ്റ്റാർട്ടപ്പുകൾ വന്നതോടെ ഈ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. പഠിച്ചു കഴിഞ്ഞാൽ ഉടൻ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴിൽദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങിനെ നമ്മുടെ നാട്ടിൽ യുവജനങ്ങളിൽ ഗുണകരമായ വിധത്തിൽ നടപ്പാക്കാൻ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

