മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കും വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ സഭയുടെ പിന്തുണയോടെ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന പ്രക്ഷോഭത്തിൽ സമവായസാധ്യത തുറന്ന് സർക്കാർ. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചിലും ഉടൻ പ്രശ്ന പരിഹാരമുണ്ടാവുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാനും തിരുവനന്തപുരത്തിൻ്റെ ചുമതലയുള്ള മന്ത്രി ആൻ്റണിരാജുവും സമരക്കാര്‍ക്ക് ഇന്ന് ഉറപ്പുനൽകി.
തുറമുഖ നിർമാണം, മണ്ണെണ്ണ സബ്സിഡി എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് സമരക്കാരുമായി ചർച്ച നടത്തും എന്നാണ് ഇന്നുണ്ടായ ധാരണ. മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ തൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചർച്ച നടക്കും വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉപരോധിച്ചു കൊണ്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ സാധിച്ചെങ്കിലും അവരെ ഒപ്പം നിര്‍ത്താനും സമവായത്തിന് വഴി തുറക്കാനും ഇന്ന് സര്‍ക്കാരിന് സാധിച്ചു. കടൽക്ഷോഭത്തിൽ വീട് നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരെ ഓണത്തിന് മുൻപായി വാടക വീടുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഈ വീടുകളുടെ വാടക സര്‍ക്കാര്‍ നൽകും. ഇതിനായി കളക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. വീട് നഷ്ടമായവരുടെ സ്ഥിരം പുനരധിവാസം പെട്ടെന്ന് നടപ്പാക്കും. മുതലപ്പൊഴിയിലെ അപകടസാധ്യത പരിഹരിക്കാനും സര്‍ക്കാര്‍ നടപടി ഉറപ്പ് നൽകിയിട്ടുണ്ട്.
ലത്തീൻ അതിരൂപതാ വികാരീ ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് ഫിഷറീസ് മന്ത്രിയുമായുള്ള ചർച്ചയ്ക്ക് എത്തിയത്. സമരക്കാരുടെ പ്രധാന ആവശ്യമായ തുറമുഖ നിർമ്മാണം നിർത്തിയുള്ള ആഘാത പഠനത്തിലും മണ്ണെണ്ണ സബ്സിഡിയിലുമാണ് മുഖ്യമന്ത്രിയുമായുള്ള
ചർച്ച. ഒരാഴ്ചയ്ക്കകം ചർച്ച നടത്താമെന്നാണ് മന്ത്രിമാര്‍ ഇന്ന് സമരക്കാര്‍ക്ക് നൽകിയ ഉറപ്പ്. അതുവരെ സമരം സമാധാനപരമായി തുടരുമെന്നാണ് ലത്തീൻ അതിരൂപയുടെ ഉറപ്പ്.
ഉപരോധത്തിന്റെ നാലാം ദിനം തുറമുഖം കയ്യടിക്കായിരുന്നു മത്സ്യതൊളിലാളികളുടെ പ്രതിഷേധം. ബാരിക്കേഡുകൾ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് എത്തിയ പ്രതിഷേധക്കാർ അദാനി ഓഫീസ് പരിസരത്തും പുലിമുട്ടിലും കടൽ തീരത്തേക്കും ഇരച്ചെത്തി, കൊടികൾ നാട്ടി. പൊലീസ് ഏറെ പ്രയാസപ്പെടാണ് മത്സ്യത്തൊതൊഴിലാളികളെ പിന്തിരിപ്പിച്ച് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്.
