തിരുവനന്തപുരം: കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം. പൊതു ഇടങ്ങളിൽ പരിശോധന കിയോസ്കുകൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാകും കിയോസ്കുകളിൽ ആദ്യം നടത്തുക. അതിന് ശേഷം സർക്കാർ നിരക്കിൽ ആന്റിജൻ പരിശോധന നടത്തും. സർക്കാർ അംഗീകൃത ലാബുകൾ, ഐ സി എം ആർ അംഗീകൃത സ്വകാര്യ ലാബുകൾ, ആശുപത്രി വികസന സമിതികൾ എന്നിവക്ക് സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കിയോസ്കുകൾ തുടങ്ങാം. ജില്ല മെഡിക്കൽ ഓഫീസർക്കാണ് ഇതിന്റെ പൂർണ ചുമതല. 

അതേ സമയം  കൊവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.