Asianet News MalayalamAsianet News Malayalam

ഓണക്കിറ്റ് വിതരണം നാളെ മുതൽ; സെപ്തംബർ 4 - 7 വരെ പോർട്ടബിലിറ്റി സംവിധാനം, ഏത് റേഷൻ കടയിൽ നിന്ന് കിറ്റ് വാങ്ങാം

കേരളത്തിലേത് ജനങ്ങളുടെ മനസ്സറിയുന്ന സർക്കാരെന്ന് മുഖ്യമന്ത്രി; ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Kerala Governments Onam Kit distribution from tomorrow
Author
Thiruvananthapuram, First Published Aug 22, 2022, 5:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങൾ അറിയുന്ന സർക്കാർ ആണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി ചെയ്യുമ്പോൾ ജനങ്ങൾക്ക് ആശ്വാസം ലഭിക്കും. വിലക്കയറ്റം പിടിച്ചു നിർത്താൻ രണ്ട് വർഷം കൊണ്ട് 9,746 കോടി രൂപ ചെലവിട്ടതായി മുഖ്യമന്ത്രി അറിയിച്ചു. 2016ന് ശേഷം സപ്ലൈകോയിൽ ഭക്ഷ്യഉത്പന്നങ്ങൾക്ക് വില മാറിയിട്ടില്ല. വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ സംയോജിപ്പിച്ച് നവകേരളം പടുത്തുയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോർപ്പറേറ്റുകളെ എതിർക്കുക മാത്രമല്ല, കോർപ്പറേറ്റുകൾ അല്ലാത്ത ബദൽ ഇവിടെയുണ്ട് എന്ന സന്ദേശം കൂടിയാണ് സർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സെപ്തംബർ 4, 5, 6, 7 ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ പോർട്ടബിലിറ്റി സംവിധാനം

സംസ്ഥാനത്ത് റേഷൻ കടകൾ വഴി ഒണക്കിറ്റ് വിതരണം നാളെ തുടങ്ങുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ അനുവാദം ഉണ്ടാകൂ എന്ന് മന്ത്രി ആവർത്തിച്ചു. പോർട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാൽ സെപ്തബർ 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ അവസരം ഉണ്ടാകും. അടുത്ത മാസം നാലിന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഇതിന് പകരം സെപ്തംബർ 16ന് റേഷകൻ കടകൾക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

14 ഇനങ്ങൾ,പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും

ഓഗസ്റ്റ് 23,24 തീയതികളില്‍ മഞ്ഞ കാർഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാർഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തിയതികളില്‍ നീല കാ‍ർഡ് ഉളളവർക്കും സെപ്റ്റംബർ 1, 2, 3 തിയതികളില്‍ വെള്ള കാ‍ർഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.

തുണി സഞ്ചി ഉൾപ്പടെ 14  ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് നാളെ മുതൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം ഇക്കുറി മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കിറ്റിലുള്ളത്...

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
മില്‍മ നെയ് 50 മി.ലി
ശബരി മുളക്പൊടി 100 ഗ്രാം
ശബരി മഞ്ഞള്‍പ്പൊടി 100  ഗ്രാം
ഏലയ്ക്ക 20 ഗ്രാം
ശബരി വെളിച്ചെണ്ണ 500 മി.ലി
ശബരി തേയില 100 ഗ്രാം
ശര്‍ക്കരവരട്ടി 100 ഗ്രാം
ഉണക്കലരി 500 ഗ്രാം
പഞ്ചസാര ഒരു കിലോഗ്രാം
ചെറുപയര്‍ 500 ഗ്രാം
തുവരപ്പരിപ്പ് 250 ഗ്രാം
പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം
തുണിസഞ്ചി

Follow Us:
Download App:
  • android
  • ios