ഒടുവില്‍ ഒപ്പിട്ടു!; പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍
ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്
തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു.
ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.
രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്. ഇനിയൊന്നും തന്നെ ഇതില്‍ ബാക്കി നില്‍ക്കുന്നില്ല. കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്.
പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാല്‍ ബില്ലിനെതിരെയും പല വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം. പരിസ്ഥിതി പ്രവര്‍ത്തകരക്കം ഇങ്ങനെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
Also Read:- മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട: ഷാഫി പറമ്പില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-