ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെ യുജിസി കരടിന് എതിരായ കൺവെൻഷൻ്റെ പേര് മാറ്റി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സർക്കാർ തിരുത്തി. യുജിസി കരടിന് "എതിരായ" എന്ന പരാമർശം നീക്കി, പകരം യുജിസി റെഗുലേഷൻ - ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി മാറ്റി. സർക്കുലർ തിരുത്തണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിൻ്റെ നിലപാട് മാറ്റം. ഗവർണർ രാജേന്ദ്ര അർലേകറുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.
യുജിസിയുടെ കരട് ഭേദഗതിക്കെതിരായി സംസ്ഥാന സർക്കാർ നാളെ നടത്തുന്ന കൺവെൻഷനെ ചൊല്ലിയാണ് പ്രശ്നം. കരട് ഭേദഗതിക്ക് എതിരായ പരിപാടിയെന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ, ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് തിരുത്ത് ആവശ്യപ്പെട്ടത്. യുജിസിയുടെ കരട് ഭേദഗതിക്കെതിരെ സംസ്ഥാനത്തിന് പരിപാടി സംഘടിപ്പിക്കാൻ കഴിയില്ലെന്നും അതിൽ ചട്ട ലംഘനം ഉണ്ടെന്നും ഗവർണർ അറിയിച്ചു.
ഗവർണർ ഉടക്കിട്ടതിന് പിന്നാലെ വൈകിട്ടോടെ യുജിസിയുടെ കരട് ഭേദഗതിക്കെതിരെ എന്നതിന് പകരം യുജിസിയുടെ കരട് ഭേദഗതിയിൽ കൺവെൻഷൻ എന്നാക്കി തിരുത്തി. ഗവർണറുടെ കടുത്ത എതിർപ്പിനെ തുടർന്ന് കൺവെൻഷനിൽ പങ്കെടുക്കില്ലെന്ന് കണ്ണൂർ വിസി വ്യക്തമാക്കി. മറ്റു പല വിസിമാരും വിട്ടു നിൽക്കാൻ സാധ്യതയുണ്ട്. പരിപാടിയിൽ സർവ്വകലാശാലയുടെ ചെലവിൽ വിസിമാരും പ്രതിനിധികളും വരണമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ സർക്കുലർ. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരാണ് നാളത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. നാളെ രാവിലെ പത്തു മണിക്ക് നിയമസഭ മന്ദിരത്തിലാണ് പരിപാടി. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനെ ചെയ്യും. പ്രതിപക്ഷ നേതാവും പങ്കെടുക്കും.

