തിരുവനന്തപുരം: പുതിയ വാഹനം വാങ്ങുന്നതിനുള്ള നിയന്ത്രണം മറികടന്നു രണ്ടു പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങി സർക്കാർ. ധനവകുപ്പിന്‍റെ എതിർപ്പ് തള്ളിയാണ് ടൂറിസം വകുപ്പിന്‍റെ നിർബന്ധത്തിൽ കാർ വാങ്ങിയത്. ആർക്കാണ് പുതിയ വണ്ടി എന്ന് വ്യക്തമല്ലെങ്കിലും ഖജനാവിന് നഷ്ടം 45 ലക്ഷം രൂപയാണ്.

ജൂലൈ 11ആണ് ടൂറിസം വകുപ്പ് ഡയറക്ടർ രണ്ടു പുതിയ കാർ വാങ്ങാനുള്ള അനുമതിക്കായി ധന വകുപ്പിനെ സമീപിക്കുന്നത്.സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ധന വകുപ്പ് ആവശ്യം തള്ളി. പത്തു ലക്ഷത്തിനു മുകളിൽ ഉള്ള ബില്ലുകളിൽ ധനവകുപ്പിന്‍റെ പ്രത്യക അനുമതി ആവശ്യമാണ്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്ച്ചമുൻപ് ക്യാബിനെറ്റിന്‍റെ പരിഗണനയിൽ കൊണ്ട് വന്നു ആവശ്യം നേടിയെടുത്തു.ഈ മാസം 20 ന്, ഒടുവിൽ 44.91.000 രൂപ അനുവദിച്ചു.

ക്യാബിനറ്റ് അംഗീകരിച്ചിട്ടും ഉത്തരവ് ഇറക്കാൻ ധന വകുപ്പ് വിസമ്മതിച്ചപ്പോൾ ചില മന്ത്രിമാർ ഇടപെട്ടതായും സൂചന ഉണ്ട്. മന്ത്രിമാർക്കും വിവിഐപിമാർക്കുമുള്ള വാഹനം ആണ് ടൂറിസം വകുപ്പ് വാങ്ങുന്നത്.പുതിയ കാറുകൾ ആർക്കാണെന്ന് വകുപ്പ് പറയുന്നില്ല.ഏതെങ്കിലും മന്ത്രിമാർ വാഹനം മാറ്റുകയാണോ എന്നും വ്യക്തമല്ല.നിലവിലെ വണ്ടി മാറ്റി ടൂറിസം വകുപ്പ് പുതിയ വാഹനം അനുവദിക്കുമ്പോഴേ ആർക്കാണെന്ന് അറിയാൻ കഴിയൂ.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ മന്ത്രിമാർ കൂട്ടത്തോടെ ഇന്നോവ ക്രിസ്റ്റ കൾ വാങ്ങിയത് ഏഷ്യാനെറ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രളയ കാലത്തെ പ്രതിസന്ധിക്കിടെ ആണ് പുതിയ വാഹനം വാങ്ങൽ.