അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപനിക്കാനുള്ള കാരണമെന്ത്, അങ്ങനെ അടിയന്തര സാഹചര്യമുണ്ടെങ്കില്‍ എന്ത് കൊണ്ട് നേരത്തെ പ്രഖ്യാപിച്ചില്ല എന്നീ ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വച്ചത്

തിരുവനന്തപുരം: കാർഷിക കടങ്ങൾക്കുള്ള മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമത്തിന് തിരിച്ചടി. മൊറട്ടോറിയം സംബന്ധിച്ച ഫയൽ വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കേണ്ട എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിച്ചു.

സർക്കാർ ആവർത്തിച്ച് ഒരേ വിശദീകരണമാണ് നൽകുന്നതെന്നുള്ളതാണ് ഫയല്‍ തിരിച്ചയ്ക്കാതിരിക്കാനുള്ള കാരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നും വീണ്ടും പഴയ വാദഗതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തിച്ചാൽ അതിന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കമ്മീഷൻ വിശദീകരണം ചോദിച്ചേക്കാനും സാധ്യതയുണ്ട്.

ടിക്കാറാം മീണ ഫയൽ അയക്കാതിരിക്കാൻ ഇതും ഒരു കാരണമാണ്. അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള കാരണമെന്ത്, അങ്ങനെ അടിയന്തര സാഹചര്യമുണ്ടെങ്കില്‍ എന്ത് കൊണ്ട് നേരത്തെ പ്രഖ്യാപിച്ചില്ല എന്നീ ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വച്ചത്.

എന്നാല്‍, മുമ്പ് നല്‍കിയ അതേ വിശദീകരണം തന്നെ സര്‍ക്കാര്‍ നല്‍കിയതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ആ ഫയല്‍ അയക്കേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തീരുമാനിക്കുകയായിരുന്നു.

ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം അവസാനിക്കും വരെ സര്‍ക്കാരിന് കാർഷകരുടെ കടങ്ങൾക്കുള്ള മൊറട്ടോറിയം പ്രഖ്യാപിക്കാനാവില്ല. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ച്ച് അ‍ഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗമെടുത്ത തീരുമാനമാണ് പെരുമാറ്റച്ചട്ടം കാരണം പ്രഖ്യാപിക്കാനാകാതെ പോയിരിക്കുന്നത്.