Asianet News MalayalamAsianet News Malayalam

പത്തനംതിട്ട എസ്‌പി സുജിത്ത് ദാസിനും സംസ്ഥാന സർക്കാരിൻ്റെ തലോടൽ; നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കി

അതേസമയം സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസിൽ നിന്നും മരംമുറിച്ച് കടത്തിയ സംഭവത്തിൽ തൃശൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ് അന്വേഷണം തുടങ്ങി

Kerala Govt transfers SP Sujith Das to Police Headquarters
Author
First Published Sep 2, 2024, 11:07 PM IST | Last Updated Sep 2, 2024, 11:14 PM IST

തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി.വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പത്തനംതിട്ട എസ്‌പിയായിരുന്ന ഇദ്ദേഹത്തോട് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്‌ഖ് ദ‍ർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പത്തനംതിട്ട എസ്‌പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എം.ആർ അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയെയും സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. പത്തനംതിട്ട എസ്‌പിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചാൽ അത് മറ്റ് രണ്ട് പേർക്കെതിരെയും ശക്തമായ നടപടിയെടുക്കാൻ സമ്മ‍ർദ്ദമേറ്റും. ഇക്കാരണത്താലാണ് എസ്‌പിക്കെതിരായ നടപടിയും സ്ഥലംമാറ്റത്തിൽ ഒതുക്കിയത്.

മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിവി അൻവറിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതാണ് എസ്‌പിക്കെതിരായ പ്രധാന ആരോപണം. ഇദ്ദേഹം എംആർ അജിത്ത് കുമാറിനെയും സഹ പ്രവർത്തകരെയും അടച്ചാക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. സുജിത് ദാസിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്നും സേനയെ ആകെ നാണക്കേടിലാക്കിയ സംഭവമാണെന്നും ഡിഐജി അജീത ബീഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ കടുത്ത നടപടി ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കൈമാറിയെങ്കിലും നടപടി സ്ഥലംമാറ്റത്തിൽ ഒതുങ്ങി.

അതേസമയം സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസിൽ നിന്നും മരംമുറിച്ച് കടത്തിയ സംഭവത്തിൽ തൃശൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ് അന്വേഷണം തുടങ്ങി. മലപ്പുറം എസ്പി ഓഫീസിൽ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ക്യാമ്പ് ഓഫീസിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios