'ഇത് കേരളത്തിലാദ്യം, ഇതുപോലൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല'; വിലക്കയറ്റത്തിൽ വിമർശനവുമായി സതീശൻ
വിലയുടെ കാര്യം നോക്കേണ്ട സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. വില കൂട്ടിക്കൊണ്ട് വിപണി ഇടപെടല്‍ നടത്തുന്ന ഇതുപോലൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല
കൊച്ചി: ഓണച്ചന്ത തുടങ്ങുമ്പോള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേട്ടുകേള്‍വിയില്ലാതതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്സവകാലത്ത് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന് വേണ്ടിയുള്ള വിപണി ഇടപെടലിന്റെ ഭാഗമായാണ് സപ്ലൈകോ ഓണച്ചന്തകള്‍ തുടങ്ങുന്നത്. വിലക്കയറ്റം നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു കൊണ്ട് ഓണച്ചന്ത തുടങ്ങുന്നത് കേരളത്തില്‍ ആദ്യമായാണ്.
വിലയുടെ കാര്യം നോക്കേണ്ട സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. വില കൂട്ടിക്കൊണ്ട് വിപണി ഇടപെടല്‍ നടത്തുന്ന ഇതുപോലൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ദയനീയമായ സ്ഥിതിയാണ് കേരളത്തിലുള്ളത്. ഓണക്കാലത്ത് വില വര്‍ധിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണ്. ഇതാണ് ഇവര്‍ ജനങ്ങളോട് ചെയ്യുന്ന ക്രൂരത. ഇതിനിടയിലാണ് ഭരണത്തിന്റെ മറവില്‍ കൊലപാതകങ്ങളും സ്വര്‍ണം പൊട്ടിക്കലും ഉള്‍പ്പെടെയുള്ള കുത്സിത പ്രവര്‍ത്തികളും ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.
അതേസമയം, മാഫിയകളുടെ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, ജില്ലാ പ്രസിഡന്റ് ഷജീര്‍ ഉള്‍പ്പെടെയുള്ളവരുടെ തലയ്ക്കടിക്കുകയായിരുന്നു. നിരവധി ചെറുപ്പക്കാരുടെ കൈ ഒടിഞ്ഞു. ക്രൂരമായ മര്‍ദ്ദനമാണ് അഴിച്ചുവിട്ടിരിക്കുന്നത്.
പൊലീസ് വാഹനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയും ക്രൂരമായി മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ കാലില്‍ പൊലീസ് ബൂട്‌സ് ഉപയോഗിച്ച് ചവിട്ടി. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് മുന്‍ ഡിവൈഎഫ്ഐ നേതാവായ കന്റോണ്‍മെന്റ് എസ്ഐ ജിജുവാണ്. സി.പി.എം നേതാക്കള്‍ക്കെതിരായ ആരോപണത്തിന്റെ പ്രതികാരമായാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചത്. നവകേരള സദസിന് എതിരായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച അതേരീതിയിലാണ് ഇപ്പോഴത്തെ മര്‍ദ്ദനവും.
ജിജി എന്നയാള്‍ മ്യൂസിയം എസ്ഐ ആയിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് കടന്നു കയറി അക്രമമുണ്ടാക്കിയ ഡിവൈഎഫ്ഐക്കാരെ ജാമ്യത്തില്‍ വിട്ടത്. പാര്‍ട്ടിക്കാരായ പൊലീസുകാരെ ഉപയോഗിച്ചാണ് പിണറായി വിജയന്‍ സമരങ്ങളെ നേരിടുന്നത്. സമരങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ലെന്ന് നവകേരള സദസില്‍ സര്‍ക്കാര്‍ മനസിലാക്കിയതാണ്. കേരളത്തിലെ ജനം സമരം ചെയ്യുന്നവര്‍ക്കൊപ്പമായിരുന്നു. സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാമെന്നാണ് കരുതുന്നതെങ്കില്‍ കേരളം മുഴുവന്‍ ആളിപ്പടരുന്ന സമരപരമ്പരകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം