പാലക്കാട് വടക്കഞ്ചേരിയിൽ തെങ്ങ് വീണ് ആദിവാസി സ്ത്രീയും മരിച്ചു. തൃശ്ശൂർ അരിപ്പാലത്ത് തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയിൽ തെങ്ങ് വീണ് ആദിവാസി സ്ത്രീയും മരിച്ചു. തൃശ്ശൂർ അരിപ്പാലത്ത് തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഹുസൈൻ കുട്ടി എന്നയാളെ കാണാതായി. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമായി. പലയിടത്തും വീടുകളിൽ വെള്ളം കയറി. പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ കോസ് വേകള്‍ മുങ്ങി. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.
കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം മരം വീണ് വ്യാപക നാശനഷ്ടമാണുണ്ടായത്. കൊച്ചി പാലാരിവട്ടത്ത് മരം വീണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദന്പതിമാർക്ക് പരിക്കേറ്റു. മരം വീണ് വീടുകള്‍ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കഞ്ചേരിയിൽ പാടത്ത് പണിയെടുക്കുന്നതിനിടെ തെങ്ങ് വീണ് പല്ലാറോഡ് സ്വദേശി തങ്കമണിയാണ് മരിച്ചത്. ഒപ്പം ജോലിയെടുക്കുകയായിരുന്ന വെള്ളച്ചിക്ക് നിസ്സാര പരിക്കേറ്റു. പാലാരിവട്ടത്ത് മരം വീണ് ബൈക്ക് യാത്രക്കാരായ കൊച്ചി പോണേയ്ക്കര സ്വദേശികളായ ജോര്‍ജ് മെഴ്സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്ക് പൊട്ടലേറ്റ് ഇരുവരെയും ആശുപത്രിയിൽ ചികിസയിലാണ്. കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ഗ്രൗണ്ടിൽ ഇന്നലെ മരം വീണ് പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തൃശൂർ പുത്തൂർ ചെമ്പംകണ്ടത്ത് മരം ബൈക്കിന് മുകളിലേക്ക് വീണു. ബൈക്ക് യാത്രക്കാരനായ ചെമ്പു കണ്ടം സ്വദേശി ഹരി അൽഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍സ്റ്റാൻഡിൽ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളിലേയ്ക്ക് മരം വീണു. ട്രാക്കിൽ മരം വീണ് വൈദ്യുതി ലൈൻ തകരാറിലായതിനെ തുടര്‍ന്ന് കൊല്ലം പുനലൂര്‍, പുനലൂര്‍കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. മരം വീണ് പലയിടത്തും ഗതാതതം തടസ്സപ്പെട്ടു. കോഴിക്കോട് താമരശ്ശേരി റോഡിലെ ആറാം വളവ്, കൊല്ലം ചെങ്കോട്ട, അഞ്ചൽ കുളത്തൂപ്പുഴ പാതയിലെ ഏഴം കുളം, പെരിങ്ങാവ് ഷൊര്‍ണൂര്‍ മഞ്ഞുമ്മൽ ആറാട്ട് കടവ്, അട്ടപ്പാടി മുക്കാലി, കളമശേരി ഫാക്ട്, തുടങ്ങിയ റോഡുകളിലാണ് ഗതാതം തടസ്സപ്പെട്ടത്. ചങ്ങരംകുളം ഹൈവേ ജംക്ഷനിലും മരം വീണു. ആലപ്പുഴ കെ.എസ്. ആർ ടി.സി സ്റ്റാൻ്റിന് സമീപം കാറ്റാടി മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു,
മരം വീണ് കൊല്ലം ജില്ലയിൽ കുണ്ടറയിലും കുന്നിക്കോട്ടും തെക്കുംഭാഗത്തും വീടുകള്‍ തകര്‍ന്നു. മലപ്പുറം മറ്റത്തൂരിലും ഒരു വീട് തകര്‍ന്നു. തൃത്താല കിഴക്കേ പിലാക്കാട്ടിരിയിൽ മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് മയിലംപാടിയിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മൂന്നു മരങ്ങളാണ് വീടിന് മുകളിലേയ്ക്ക് വീണത്. കോട്ടയം കൊടുങ്ങരൂരിലും കൊച്ചി കുട്ടമശ്ശേരിയിലും മരം വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് ചക്കിട്ടപാ റയിൽ മരം കടപുഴകി വീണ് പഞ്ചായത്ത് ഓഫീസിന്‍റെ മതിൽ തകർന്നു. വൈദ്യുത ലൈനുകളും തകരാറിലായി. ചാലിശ്ശേരി വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുകളിലേക്ക മരക്കൊമ്പ് വീണു.ചാത്തന്നൂർ ഗവ. ഹൈസ്കൂൾ കെട്ടിടത്തിന്‍റെ ഓടുകള്‍മരം വീണ് തകര്‍ന്നു. അപകടകരമായ മരങ്ങള്‍ഉടൻ മുറിച്ചുമാറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിര്‍ദ്ദേശം നൽകി.
മഴ മുന്നറിയിപ്പ്
വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ ഉള്ളവരും തീരദേശവാസികളും ഈ ദിവസങ്ങളിൽ അതീവ്ര ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും.
നാളെ അവധി
കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

