കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലും ഭാഗികമായും നാളെ (ഓക്ടോബർ 4) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നാളെയും പരക്കെ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലും ഭാഗികമായും നാളെ (ഓക്ടോബർ 4) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ചേർത്തല താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി. ഇന്ന് കനത്ത മഴയാണ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്. നെയ്യാറിലും കരമന നദിയിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു. 

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 04-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 04-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്