മനു ജി രാജിനെതിരെ നേരത്തെ സെൻട്രൽ പൊലീസും കേസ് എടുത്തിരുന്നു.  ബിഹാറിനെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സ‍ര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.

കൊച്ചി : വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത് പത്ത് വർഷം കോടതിയെ കബളിപ്പിച്ച ആൾക്കെതിരെ നടപടി. കേരളാ ഹൈക്കോടതി അഭിഭാഷകൻ തിരുവനന്തപുരം വ‌ഞ്ചിയൂർ സ്വദേശി മനു ജി രാജിന്റെ എൻറോൾമെന്‍റ് ബാർ കൗൺസിൽ റദ്ദാക്കി. പ്രതിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ബാർ കൗൺസിൽ തീരുമാനിച്ചു. മനു ജി രാജിനെതിരെ നേരത്തെ സെൻട്രൽ പൊലീസും കേസ് എടുത്തിരുന്നു. ബിഹാറിനെ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സ‍ര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. 2013ലാണ് വ്യാജ രേഖ നൽകി എൻറോൾ ചെയ്തത്. മാറാനെല്ലൂർ സ്വദേശി സച്ചിനാണ് ബാർ കൗൺസിലിനും പൊലീസിനും പരാതി നൽകിയത്. തുട‍ര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മനു ജി രാജൻ ബിരുദം നേടിയിട്ടില്ലെന്ന് സർവ്വകലാശാല അറിയിച്ചു. ഇതോടെയാണ് എൻറോൾമെന്‍റ് ബാർ കൗൺസിൽ റദ്ദാക്കിയത്. 

2009 ൽ ബിഹാറിലെ മഗധ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽബി ബിരുദം നേടിയെന്ന് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയായ മനു ജി രാജൻ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. പത്ത് വർഷം വിവിധ കോടതികളിയായി 53 വക്കാലത്തുകൾ മനു ജി രാജന്‍റെ പേരിലിട്ടിട്ടുണ്ട്. എന്നാൽ 2019ൽ ഒരു ഭൂമി കേസിൽ മാറനെല്ലൂർ സ്വദേശി സച്ചിൻ നൽകിയ വക്കാലത്താണ് മനു ജി രാജന്‍റെ വ്യാജ ബിരുദം പുറത്തറിയാൻ കാരണമായത്. ഭൂമി കേസിൽ വക്കാലത്ത് ഏറ്റെടുത്ത മനു ഒന്നരക്കൊല്ലം കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം മുൻസിഫ് കോടതിയിലായിരുന്നു കേസ് നടത്തേണ്ടത്. എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് അന്വേഷിച്ചപ്പോഴാണ് മനു ജി രാജൻ തിരുവനന്തപുരം ലോ കോളേജിൽ പഠിച്ചിരുന്നതായും എന്നാൽ പരീക്ഷയിൽ തോറ്റിരുന്നതായും കണ്ടെത്തിയത്. പരീക്ഷയിൽ തോറ്റതിനാൽ തിരുവനന്തപുരത്തെ കോടതിയിൽ ഹാജരായാൽ മറ്റുള്ളവർ തിരിച്ചറിയും. ഇത് ഒഴിവാക്കാനായിരുന്നു ഒളിച്ചുകളി.

ആലുവയിലെ തട്ടികൊണ്ടു പോകൽ: പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ ഉപേക്ഷിച്ച നിലയിൽ, സിസിടിവി ദൃശ്യങ്ങളിൽ അന്വേഷണം

ഹൈക്കോടതിയിൽ വരുന്ന കേസുകളിലും മറ്റ് അഭിഭാഷകർക്കൊപ്പം വക്കാലത്തിൽ പേര് ചേർത്ത് കക്ഷികളിൽ നിന്ന് ഫീസ് വാങ്ങുകയായിരുന്നു പതിവ്. മനുവിന്‍റെ ബിരുദം ഏത് സർവ്വകലാശാലയിൽ നിന്ന് അന്വേഷിച്ച സച്ചിൻ അത് ബിഹാറിലെ മഗധ് യൂണിവേഴ്സിറ്റിയിൽ നിന്നാണെന്ന് കണ്ടെത്തി. എന്നാൽ ഈ കാലയളവിൽ മനു ജി രാജൻ എന്ന വ്യക്തി ഇവിടെ പഠിച്ചിട്ടില്ലെന്നും എൽഎൽബി ബിരുദം നേടിയിട്ടില്ലെന്നും യൂണിവേഴ്സിറ്റി രേഖാമൂലം മറുപടി നൽകിയ ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് സച്ചിൻ പൊലീസിലും ബാർ കൗൺസിലും പരാതി നൽകിയത്. ബാർ കൗൺസിൽ മനു ജി രാജന്‍റെ ബിരുദ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നൽകിയപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇന്ന് ചേർന്ന കൗൺസിൽ യോഗം എൻറോൾമെന്‍റ് തിരിച്ചുവിളിക്കാനും കേസ് കൊടുക്കാനും തീരുമാനിച്ചത്. മനു ജി രാജനെതിരെ നേരത്തെ കന്‍റോൺമെന്‍റ് പോലീസ് എടുത്ത കേസ് എറണാകുളം സെൻട്രൽ പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ വ്യാജ രേഖ നിർമ്മിച്ച പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തട്ടില്ല.