തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ വലിയ വിവാദമായിരുന്നു. നിയമവിരുദ്ധമായി പല ദേവനാമങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു പലരുടേയും സത്യപ്രതിജ്ഞ. ഇതിനെതിരെ പരാതിയും ഉണ്ടായിരുന്നു. നിലവില്‍ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. കോടതി 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കുകയും അം​ഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. 20 ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞയാണ് നിലവില്‍ അസാധുാക്കിയിരിക്കുന്നത്. യുഡിഎഫ്, എൻഡിഎ കൗണ്‍സിലർമാരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതി ചെയ്യണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ദൈവം എന്ന പദത്തിന്‍റെ വിപുലീകരണം ചട്ടത്തിൽ ഇല്ല, ഏത് ആചാരം പിന്തുടർന്നാലും എല്ലാവരും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി. കോണ്‍ഗ്രസ് കൗണ്‍സിലർ മേരിപുഷ്പം സത്യപ്രതിജ്ഞക്ക് ശേഷം ശരണം വിളിച്ചിരുന്നു. അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞയാണ് പരാതിക്കിടയാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്നതായിരുന്നു ഉയർന്നുവന്ന വിമർശനം.

YouTube video player