എസ്എഫ്ഐ നേതാവായ ഷിയാസിനെ കോളേജ് ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ഡിജെ പാർട്ടിയുടെ പേരിലാണ് പുറത്താക്കിയത്

കൊച്ചി: കോളേജിൽ വാർഷിക ദിനത്തോടനുബന്ധിച്ച് ഡിജെ പാർട്ടി നടത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥി യൂണിയൻ ചെയർമാന് പരീക്ഷയെഴുതാൻ കോടതിയുടെ അനുവാദം. മൂലമറ്റം സെന്റ് ജോസഫ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനുമായ ഷിയാസ് ഇസ്‌മായിലിന് അനുകൂലമായാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കോളേജിലെ എസ്എഫ്ഐ നേതാവാണ് ഇദ്ദേഹം.

ഇക്കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു കോളേജിൽ വാർഷിക ദിനാഘോഷത്തിന് യൂണിയൻ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായത്. യോഗത്തിൽ വൈസ് പ്രിൻസിപ്പാളും വിദ്യാർത്ഥി യൂണിയൻ സ്റ്റാഫ് അഡ്വൈസറും പങ്കെടുത്തിരുന്നു. കോളേജ് ദിനാഘോഷത്തോടൊപ്പം ഡിജെ പാർട്ടിയും നടത്താൻ യോഗത്തിൽ തീരുമാനമെടുത്തു. എന്നാൽ പരിപാടിയുടെ തലേന്നാൾ പ്രിൻസിപ്പാൾ പരിപാടി നടത്തുന്നതിനെ വാക്കാൽ എതിർത്തുവെന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ ബുക്ക് ചെയ്ത പരിപാടി വേണ്ടെന്ന് വയ്ക്കാൻ സാധിക്കില്ലെന്ന് കോളേജ് യൂണിയൻ തീരുമാനമെടുത്തു. പരിപാടി കോളേജിൽ നടത്തുകയും ചെയ്തു. ഇതോടെ ചെയർമാനടക്കം മൂന്ന് വിദ്യാർത്ഥികളെ കോളേജ് സസ്പെന്റ് ചെയ്യുകയും ചെയർമാനായ ഷിയാസിനെ പിന്നീട് പുറത്താക്കുകയും ചെയ്തു. ഇതിനെതിരെ ഷിയാസ് എംജി സർവ്വകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകി. ഈ പരാതിയിൽ വാദം തുടർന്നുകൊണ്ടിരിക്കെയാണ് ഷിയാസ് ഹൈക്കോടതിയെ സമീപിച്ചത്.

തന്നെ പുറത്താക്കിയ പ്രിൻസിപ്പാളിന്റെ ഉത്തരവ് സർവ്വകലാശാലയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ റദ്ദാക്കുക, സർവ്വകലാശാലയുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഉത്തരവിടുക, നാലാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ഇദ്ദേഹം കോടതിയിൽ ഉന്നയിച്ചത്. വാദം കേട്ട കോടതി ഷിയാസിനെ പരീക്ഷയെഴുതാൻ അനുവദിച്ച് കൊണ്ട് ഉത്തരവിടുകയായിരുന്നു.