Asianet News MalayalamAsianet News Malayalam

'കഠിന' പാതയിൽ 'മോക്ഷ'ത്തിന് വഴിയെന്ത്? ശബരിമലയിലെ തിരക്കിന് പരിഹാരം കാണാൻ ഹൈക്കോടതി; കേസ് ഇന്നും പരിഗണിക്കും

നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ഹൈക്കോടതിയുടെ ലക്ഷ്യം

Kerala High Court will consider Sabarimala pilgrims rush issue today 13 december asd
Author
First Published Dec 13, 2023, 1:17 AM IST

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. നിലയ്ക്കലിലെ പാർക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും. എത്ര വാഹനങ്ങൾക്ക് ഒരേ സമയം പാർക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് പത്തനംതിട്ട ആർ ടി ഒ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇതാകും ഹൈക്കോടതി വിശദമായി പരിശോധിക്കുക.

ശബരിമലയിൽ സര്‍ക്കാർ സംവിധാനം പരാജയം; കണ്ടില്ലന്ന് നടിച്ച് പിണറായി പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിൽ: സുധാകരൻ

തിരക്ക് നിയന്ത്രിക്കാൻ പുതുതായി സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കും. സന്നിധാനത്തടക്കം വരുത്തിയ പുതിയ ക്രമീകരണങ്ങൾ തിരുവിതാകൂർ ദേവസ്വം ബോർഡും കോടതിയെ ധരിപ്പിക്കും. ശബരിമലയിലെത്തുന്ന തീർഥാടർകർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കോടതി ഇന്നലെ സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിർദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിനാകും ഹൈക്കോടതി ശബരിമലയിലെ വിഷയങ്ങൾ സംബന്ധിച്ചുള്ള കേസ് വീണ്ടും പരിഗണിക്കുക.

ഹൈക്കോടതി ഇന്നലെ ചൂണ്ടികാട്ടിയത്

ശബരിമല തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്നാണ് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചത്. എന്‍ എസ് എസ് - എന്‍ സി സി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അരമണിക്കൂര്‍ കാത്തുനിന്നാണ് ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു. വെര്‍ച്വല്‍ വ്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സൗകര്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്യൂ കോംപ്ലക്സുകള്‍ വൃത്തിയായിരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എ ഡി ജി പി ഹൈക്കോടതിയെ അറിയിച്ചത്

സ്പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്നാണ് എ ഡി ജി പി കോടതിയെ അറിയിച്ചത്. ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതമാണ് എ ഡി ജി പി ഹൈക്കോടതിയിൽ വിശദീകരിച്ചത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് നിറഞ്ഞെന്നും എ ഡി ജി പി ഹൈക്കോടതിയെ അറിയിച്ചു.

ശബരിമല അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത്

ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമാണെന്നും ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും കൂടുതൽ ഏകോപതമായ സംവിധാനമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ശബരിമല തിരക്ക് സംബന്ധിച്ച വിഷയം മുൻനിർത്തി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് കേരളത്തിൽ നിന്നുള്ള എം പിമാരടക്കമുള്ളവ‍ർ ചെയ്യുന്നത്. ശബരിമല വിഷയത്തിൽ പാർലമെന്റിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധം ചൂണ്ടികാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ശബരിമല വിഷയത്തിൽ സംസ്‌ഥാന സർക്കാർ എന്തോ കുഴപ്പം കാണിച്ചുവെന്നാണ് പറയുന്നത്. ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം നടക്കുന്നത്. നേതൃത്വം കൊടുക്കുന്നത് മുൻ പ്രതിപക്ഷ നേതാവ് ആണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios