കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി ആശംസ നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷെ തോല്‍പ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍. കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി ആശംസ നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളീയത്തിന് സംഗീതാര്‍ച്ചന നേരാന്‍ മക്കളും കൊച്ചുമക്കളുമൊത്ത് കേരളത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതായി സരോജ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലി ഖാന്‍ പറഞ്ഞു. 'കേരളത്തില്‍ ആയിരിക്കുമ്പോള്‍ സ്വന്തം വീട് പോലെ തോന്നുന്ന അനുഭവമാണ്. ശാന്തി, സമാധാനം, സാഹോദര്യം എന്നിവയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന കേരളത്തിന്റെ കരുത്ത് മികച്ച വിദ്യാഭ്യാസമാണ്'-ഉസ്താദ് പറഞ്ഞു. തിരുവനന്തപുരത്ത് സംഗീത പരിശീലന സ്ഥാപനം തുടങ്ങാന്‍ ക്ഷണിച്ച സംസ്ഥാന സര്‍ക്കാരിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
സാംസ്‌കാരിക വൈവിധ്യങ്ങളിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഒരു ജനതയുടെ ഏഴ് ദിനങ്ങള്‍ നീളുന്ന ആഘോഷമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ ആശംസ അര്‍പ്പിച്ചു. മലയാളികളുടെ ജനാധിപത്യ ബോധം, ഇടകലര്‍ന്ന ജീവിതരീതി എന്നിവയെ കൃഷ്ണ പ്രശംസിച്ചു.
'യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് കുട്ടികളെ' - കൈലാഷ് സത്യാർത്ഥി
വിദ്യാഭ്യാസമെന്ന താക്കോൽ കൊണ്ടേ മനുഷ്യാവകാശത്തിലേക്കുള്ള വാതിൽ തുറക്കാൻ സാധിക്കുകയുള്ളൂ എന്ന് നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാഷ് സത്യാർത്ഥി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ശാക്തീകരണവും സന്തുലീകരണവുമൊക്കെ വിദ്യാഭ്യാസത്തിലൂടെയേ സാധ്യമാകൂ. കേരളം ഈ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാണെന്നും സത്യാർത്ഥി പറഞ്ഞു.
സാങ്കേതികവിദ്യ, സാമ്പത്തിക സുസ്ഥിരത, വിതരണ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം മികച്ച രീതിയിൽ ലഭ്യമായ ആധുനിക ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്നാൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ അസമത്വം നിലനിൽക്കുന്ന കാലഘട്ടം കൂടിയാണിതെന്ന് സത്യാർത്ഥി അഭിപ്രായപ്പെട്ടു. പലയിടത്തും അപകടകരമായ സാഹചര്യങ്ങളിൽ പോലും കുട്ടികളെ തൊഴിലിനായി ഉപയോഗിക്കുന്നു. ഉത്തരവാദിത്ത ബോധത്തിന്റെയും ധാർമികതയുടെയും അഭാവമാണ് ഇതിനു കാരണം. സഹാനുഭൂതിയുടെ പ്രാധാന്യം എടുത്തു പറഞ്ഞ സത്യാർത്ഥി യുക്രൈൻ - റഷ്യ യുദ്ധം, ഇസ്രായേൽ - ഹമാസ് സംഘർഷം എന്നിവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പരാമർശിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങൾക്കൊന്നും ഉത്തരവാദികൾ കുഞ്ഞുങ്ങളല്ല, എന്നാൽ യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നതും കുട്ടികളെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
