കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂപതിവ് ചട്ട ഭേദഗതി ബിൽ ഈ മാസം ഏഴിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും അവതരിപ്പിച്ചേക്കില്ല. ഇത്തവണ നിയമസഭയുടെ പരിഗണനയ്ക്ക് വച്ചിരിക്കുന്ന 19 ബില്ലുകളിൽ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് ഉൾപ്പെടുത്താത്തതാണ് കാരണം. 1964 ലെയും 1993 ലെയും ഭൂ പതിവ് ചട്ടങ്ങളുടെ ഭേദഗതി വേഗത്തിൽ നടപ്പാക്കാൻ 2023 ജനുവരി പത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായിരുന്നു. 

കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ഓഗസ്റ്റിലെ നിയമസഭ സമ്മേളനത്തിൽ ബിൽ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ജൂണിൽ ഇടുക്കി കളക്ട്രേറ്റിൽ നടന്ന സർവകക്ഷി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇക്കുറിയും അതുണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്.

ഭൂപതിവ് നിയമ ഭേദഗതിയിൽ വിവാദ വ്യവസ്ഥകളും; പാരിസ്ഥിതിക പ്രത്യാഘാതത്തിനിടയാക്കുമെന്ന് ആശങ്ക

ഓർഡിനൻസിനു പകരമുള്ള രണ്ടു ബില്ലുകളും പ്രസിദ്ധീകരിച്ച 10 ബില്ലുകളും പ്രസിദ്ധീകരിക്കാനുള്ള 7 ബില്ലുകളുമാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിലൊന്നും ഭൂപതിവ് ചട്ട ഭേദഗതി ഉൾപ്പെട്ടിട്ടില്ല. ബിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും മന്ത്രി സഭ യോഗത്തിന്റെ പ്രത്യേക അനുമതിയോടെ നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയും. ഇതിന് നിയമ വകുപ്പ് തയാറാക്കിയ ബിൽ ഭരണ വകുപ്പിന് നൽകി മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കണം. അതിനാൽ ബില്ല് അവതരണത്തിന് വിദൂര സാധ്യത ഇപ്പോഴുമുണ്ട്.

ഇടുക്കിയിൽ ഭൂപതിപ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, പ്രതിഷേധം തണുപ്പിക്കാൻ 2019 ലാണ് ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. നാല് വർഷം കഴിഞ്ഞിട്ടും ബില്ല് നടപടിയാകാത്തതിനാൽ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫും വിവിധ കർഷക സംഘടനകളും.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്