രാഷ്ട്രീയ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലം. ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്ക് അനുകൂലം എന്നും വിലയിരുത്തൽ.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. സർക്കാർ പ്രവർത്തനങ്ങളിൽ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താൽ 68 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡെന്നും പാർട്ടി വിലയിരുത്തുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്തുകയാണ് സിപിഎം -സിപിഐ നേതൃയോഗങ്ങൾ. ജില്ലകളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ കൂടി ചേര്‍ത്തുവെച്ചാണ് നേതൃയോഗത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. അതേസമയം, സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്ന വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കിടയിലുമുള്ളത്. എന്തൊക്കെ തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയിൽ ഐഡി വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഹരിക്കുന്നുണ്ട്. നാളെ ഇടതുമുന്നണി യോഗവും ചേരും.