തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്ന് മോദി. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമാണ് മോദിയുടെ ട്വീറ്റ്.
ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നന്ദി തിരുവനന്തപുരം' എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൻഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയില്‍ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമാണ് മോദിയുടെ ട്വീറ്റ്.
ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം. നിലവിൽ 100 ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. സ്ഥാനാർത്ഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബിജെപിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റുകളിലാണ് ജയിച്ചത്. യുഡിഎഫ് 19 സീറ്റിലും നേടി. എൻഡിഎ മേയര്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ 708 വോട്ടിന്‍റെ ഭൂരുപക്ഷത്തിലാണ് വിജയിച്ചത്.


