തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. 50 സീറ്റുകളിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി കോര്‍പ്പറേഷനിൽ അട്ടിമറി വിജയമാണ് നേടിയത്.
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി എൽഡിഎഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ വിജയിച്ചു. എൽഡിഎഫ് 29 സീറ്റിലും യുഡിഎഫ് 19 സീറ്റിലുമാണ് വിജയിച്ചത്. രണ്ട് സീറ്റുകളിൽ സ്വന്തത്രരും വിജയിച്ചു. 50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിലേക്ക് ഒരു സീറ്റ് കൂടിയാണ് ബിജെപിക്ക് വേണ്ടത്. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണത്തിലേറാം. വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ഇനി നടക്കാനുമുണ്ട്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മേയര്‍ സ്ഥാനം ഇതിനോടകം ബിജെപി ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം. കോര്‍പ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികളായ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ള പ്രമുഖരും വിജയിച്ചിരുന്നു. നഗരത്തിൽ ബിജെപി പതാകകളുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്‍റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



