തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടിയേക്കും. ജൂൺ ഒമ്പത് വരെ ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതേസമയം ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം കൂടുതൽ ഇളവുകൾ അനുവദിക്കാനും ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തിൽ ധാരണയായെന്നാണ് വിവരം. 

കഴിഞ്ഞ ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പൊലീസും എല്ലാം ഉന്നത തലയോഗത്തിൽ എടുത്ത നിലപാട്. 

കയര്‍ കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകൾ അനുവദിച്ചേക്കും. പകുതി ജീവനക്കാരെ വച്ച് പ്രവർത്തിക്കാനാണ് അനുമതി നൽകുക. അതേ സമയം മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിയന്ത്രണങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona