ആവേശ പ്രചാരണം, ആരവം കുറഞ്ഞ പോളിംഗ്, ആരെടുക്കും തൃശൂര്‍? കണക്കിലെ സൂചനകള്‍...
പോളിംഗ് അവസാനിച്ചെങ്കിലും മുന്നണികളുടെ ചങ്കിടിപ്പവസാനിക്കാതെ തൃശൂര്‍
തൃശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു തൃശൂര്‍. ശക്തമായ ത്രികോണ മത്സരം എന്നായിരുന്നു തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനുള്ള വിശേഷണം. യുഡിഎഫിനായി കെ മുരളീധരനും (കോണ്‍ഗ്രസ്), എല്‍ഡിഎഫിനായി വി എസ് സുനില്‍ കുമാറും (സിപിഐ), എന്‍ഡിഎയ്ക്കായി സുരേഷ് ഗോപിയും (ബിജെപി) ആയിരുന്നു ഇവിടെ സ്ഥാനാര്‍ഥികള്‍. പോളിംഗ് ശതമാനം കുറഞ്ഞതോടെ തൃശൂരും പ്രവചനങ്ങള്‍ അസാധ്യമായി. മൂന്ന് മുന്നണികളും മണ്ഡലത്തില്‍ പ്രതീക്ഷവെക്കുന്നുണ്ട്.
സംസ്ഥാനത്ത് എല്ലാ ലോക്സഭ മണ്ഡലങ്ങളിലും ദൃശ്യമായ പോളിംഗ് കണക്കിലെ ഇടിവ് തൃശൂരിലും കണ്ടു. 71.27 ആണ് സംസ്ഥാനത്തെ പോളിംഗ് ശരാശരി എങ്കില്‍ തൃശൂരില്‍ 72.79 ആണ് ഔദ്യോഗിക കണക്ക്. 2009ല്‍ 69.43%, 2014ല്‍ 72.20%, 2019ല്‍ 77.92% എന്നിങ്ങനെയായിരുന്നു തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ മുന്‍ കണക്കുകള്‍. ഇക്കുറി അഞ്ച് ശതമാനത്തിലധികം വോട്ടുകളുടെ കുറവ് മണ്ഡലത്തിലുണ്ടായി. അതിനാല്‍, പോളിംഗ് അവസാനിച്ചെങ്കിലും മുന്നണികളുടെ ചങ്കിടിപ്പ് തൃശൂരില്‍ അവസാനിച്ചിട്ടില്ല. ന്യൂനപക്ഷ സ്വാധീന മേഖലകളിലുള്ള ഭേദപ്പെട്ട പോളിംഗ് അനുകൂലമാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. അതേസമയം 32 ശതമാനം വരുന്ന അടിസ്ഥാന വോട്ടുകള്‍ക്കൊപ്പം സുനില്‍ കുമാറിന്‍റെ വ്യക്തിപ്രഭാവത്തിന് ലഭിക്കുന്ന വോട്ടുകള്‍ കൂട്ടിവച്ചാല്‍ ജയിക്കാമെന്നാണ് ഇടത് പ്രതീക്ഷ. എന്നാല്‍ ഇക്കുറി സ്ത്രീവോട്ടര്‍മാരും യുവാക്കളും തുണയ്ക്കുമെന്ന കണക്കുകൂട്ടലാണ് ബിജെപി ക്യാംപിനുള്ളത്.
Read more: സംസ്ഥാനത്തെ വോട്ടെടുപ്പ്; ഇതാ അഞ്ച് പ്രധാന കണക്കുകള്‍
സംസ്ഥാനത്ത് 71.27 ശതമാനം പോളിംഗ് എന്നാണ് ഔദ്യോഗിക കണക്കുകൾ. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും കൂടി ചേർത്തുള്ള അന്തിമ കണക്കിൽ ശതമാനം ഇനിയും കൂടും. വാശിയോടെയുള്ള മത്സരവും, നാടിളക്കി പ്രചാരണവുമൊക്കെ നടന്നിട്ടും 2019നെക്കാൾ ആറ് ശതമാനത്തോളം പോളിംഗ് കുറഞ്ഞതിന്‍റെ കാരണങ്ങള്‍ തിരയുകയാണ് മുന്നണികള്‍. വോട്ടെടുപ്പ് നടപടികൾ വൈകിയതും ചൂടുമൊക്കെ കാരണമായി പറയുമ്പോഴും മുന്നണികൾക്ക് ഇത്തവണത്തെ കണക്കുകളില്‍ അങ്കലാപ്പുണ്ട്. എങ്കിലും ശതമാനക്കുറവിൽ പ്രശ്നമില്ല, എല്ലാം സാഹചര്യങ്ങളും അനുകൂലം എന്ന ആത്മവിശ്വാസം പങ്കുവയ്ക്കാനാണ് മുന്നണി നേതാക്കളും സ്ഥാനാർത്ഥികളും ശ്രമിക്കുന്നത്. 2019ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃശൂര്‍ പിടിച്ചത്.
Read more: സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് നല്‍കുന്ന സൂചന എന്ത്, കൂടുതല്‍ അലോസരം ഏത് മുന്നണിക്ക്?