Asianet News MalayalamAsianet News Malayalam

പാലക്കാട് കൊടുംചൂട്; രണ്ടുദിവസങ്ങളിൽ 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത് ഇതാദ്യം

ഇതിന് മുമ്പ് 2015ലാണ് ആദ്യമായി പാലക്കാട് അന്തരീക്ഷ താപനില 41 ഡിഗ്രി രേഖപ്പെടുത്തിയത്. 2016ൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി യാണ് പാലക്കാട്ടെ റെക്കോർഡ് ചൂട്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ താപനില ഉയരുമെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നതും ഇതാദ്യം

Kerala: Mercury soars, IMD issues temperature alert for 2 more days
Author
Kerala, First Published Mar 27, 2019, 6:28 AM IST

പാലക്കാട്: മുന്‍പെങ്ങുമില്ലാത്ത വിധമാണ് ഇക്കുറി താപനില ഉയരുന്നത്. തുടർച്ചയായ രണ്ടുദിവസങ്ങളിൽ 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത് ഇതാദ്യം. ഈ മാസം ഇതുവരെ 22പേർക്കാണ് പാലക്കാട് മാത്രം സൂര്യാഘാതമേറ്റത്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് നിഗമനം. മീനച്ചൂടിൽ പാലക്കാട് വെന്തുരുകുന്നു. മാർച്ച് മാസം തുടങ്ങിയത് മുതൽ ശരാശരി പകൽസമയത്തെ താപനില 40 ഡിഗ്രി. അടുത്തടുത്ത രണ്ടുദിവസങ്ങളുൾപ്പെടെ മൂന്ന് പ്രാവശ്യമാണ് ഈ മാസം ചൂട് 41ലെത്തിയത്. 

ഇതിന് മുമ്പ് 2015ലാണ് ആദ്യമായി പാലക്കാട് അന്തരീക്ഷ താപനില 41 ഡിഗ്രി രേഖപ്പെടുത്തിയത്. 2016ൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി യാണ് പാലക്കാട്ടെ റെക്കോർഡ് ചൂട്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ താപനില ഉയരുമെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്നതും ഇതാദ്യം. ബാഷ്പീകരണ തോത് കൂടിയതുൾപ്പെടെയുള കാലാവസ്ഥ വ്യതിയാനങ്ങളാണ് ചൂട് കൂടാൻ കാരണമായി മുണ്ടൂർ ഐആർടിസി യുടെ വിലയിരുത്തൽ. 

പകൽസമയത്ത് നേരിട്ട് വെയിലേൽക്കരുതെന്ന് ഉൾപ്പെടെ നിർദ്ദേശങ്ങളുണ്ടെങ്കിലും പലരും കൃത്യമായി പാലിക്കുന്നില്ലെന്നാണ് ആരോഗ്യകുപ്പിന്റെ നിഗമനം. പട്ടാമ്പി,ഓങ്ങല്ലൂർ, കഞ്ചിക്കോട് മേഖലകളിലാണ് സൂര്യാഘാതമേറ്റവരിലേറെയും. ഈ പ്രദേശങ്ങളിൽ കൂടുതൽ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പാലക്കാട് ഇക്കുറി നേരത്തെ കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളൊഴിഞ്ഞതും, തണൽമരങ്ങൾ കുറഞ്ഞതും ആഘാതം കൂട്ടിയിട്ടുണ്ട്.തുറസ്സായ സ്ഥലങ്ങളിലൂടെ പകൽസമയത്ത് ഇരുചക്രവാഹനങ്ങളിലെ യാത്രക്ക് നിയന്ത്രണം വേണമെന്നുംമുന്നറിയിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios