സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ മന്ത്രി എകെ ബാലൻ. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൊഴികൾ എങ്ങനെ പുറത്ത് വരുന്നുവെന്ന് ചോദിച്ച ബാലൻ അന്വേഷണ ഏജൻസികൾ ഇക്കാര്യം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മൊഴികള്‍ പുറത്തുവരുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണ ഏജൻസികളിൽ ഏത് തരത്തിലാണ് ബിജെപിയും കോൺഗ്രസും സ്വാധീനം ചെലുത്തുന്നുവെന്നതിന്‍റെ തെളിവാണ് മൊഴികൾ പുറത്തുവരുന്നതെന്നും ബാലൻ പറഞ്ഞു. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പേക്കെണ്ടും തോക്ക് കാണിച്ചാൽ ഭയക്കാത്ത പാർട്ടിയും അതിന്‍റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെയും കോൺഗ്രസ്സിന്‍റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം വിവരിച്ചു. എല്ലാ കള്ള പ്രചരണങ്ങളും ഇടതുപക്ഷം ശക്തമായി ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുമെന്നും ബാലൻ പറഞ്ഞു.