കോട്ടയം: ജൂൺ മൂന്നിന് കുടവെച്ചൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ കുടവെച്ചൂർ വെളുത്തേടത്തുചിറയിൽ ഹരിദാസിന്റെ മകൻ ജിഷ്ണു (23)വിന്റേതാണ്. വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കൾ തിരിച്ചറിഞ്ഞു.

മൃതദേഹാവശിഷ്ടങ്ങൾ അൽപസമയത്തിനകം പോസ്റ്റ്മോർട്ടം ചെയ്യും. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു. ജൂൺ മൂന്നിനാണ് ഇയാളെ കാണാതായത്. കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്നു.

രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിൾ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറിൽ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്‍റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല. 

രാത്രി ഏഴ് മണിയോടെ ബാർ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് 20 ദിവസത്തിലേറെ അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.