തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിൽ കേരളത്തിലെ ഒരു എംഎൽഎയുടെ പേരും. മുഖ്യപ്രതി കെടി റമീസ് ഒരു എംഎൽഎയുടെ അടുത്ത ആളെന്ന് സന്ദീപിന്റെ ഭാര്യ നൽകിയ മൊഴി അടങ്ങിയ രഹസ്യ റിപ്പോർട്ട്  കസ്റ്റംസ് കേന്ദ്രത്തിന് സമർപ്പിച്ചു. 

സന്ദീപ് തന്നോട് പറഞ്ഞതിൽ കെടി റമീസിന്റെയും എംഎൽഎയുടേയും പേരുണ്ടായിരുന്നുവെന്നും ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചതെന്നും റമീസ് വഴിയായിരുന്നു എംഎൽഎയുടെ ഇടപെടലെന്നുമാണ് സൌമ്യയുടെ മൊഴി. ഇക്കാര്യം രഹസ്യ റിപ്പോർട്ടായാണ് കസ്റ്റംസ് കേന്ദ്രത്തിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ കാരാട്ട് റസാക്കിന്റെ പേര് കാനാട്ട് റസാക്ക് എന്നാണ് തെറ്റായി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ക്ലറിക്കൽ തെറ്റ് മാത്രമാണെന്നാണ് കസ്റ്റംസ് വ്യത്തങ്ങളുടെ പ്രതികരണം. അതേ സമയം അദ്ദേഹം എംഎൽഎയാണെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പരാമർശിച്ചില്ല. 

കരിഞ്ചന്തയിൽ നിന്നും ഡോളർ ശേഖരിച്ച് സന്തോഷ് ഈപ്പൻ കോഴ നൽകി, സ്വർണക്കടത്തിൽ എംഎൽഎയ്ക്ക് പങ്ക് ?

നേരത്തെ സ്വർണ്ണക്കടത്തിന് ആരൊക്കെയാണ് സഹായിച്ചിരുന്നതെന്നും ആരുമായെല്ലാമാണ് ബന്ധമുണ്ടായിരുന്നതെന്നും കസ്റ്റംസിനോട് വെളിപ്പെടുത്തിയ കൂട്ടത്തിൽ സന്ദീപ് ഈ എംഎൽഎയുടെ പേരും പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ മൊഴിയിലും എംഎൽഎയുടെ പേര് പരാമർശിക്കപ്പെടുന്നത്. നിലവിൽ മൊഴിയെന്നാല്ലാതെ കൂടുതൽ തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ എംഎൽഎയെ നോട്ടീസ് നൽകി വിളിപ്പിച്ചേക്കും.

'റമീസിനെ അറിയില്ല', സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് കാരാട്ട് റസാഖ്