കൃഷിയോ കർഷകരോ ഒരു കാലത്തും മുൻഗണനയിലുണ്ടായിട്ടില്ലെന്നും റിയൽ എസ്റ്റേറ്റിലും കരാറുകളിലുമൊക്കെയാണ് സിപിഎമ്മിനും കോൺഗ്രസിനും ഒരു പോലെ താല്പര്യമെന്നും രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കോൺഗ്രസും സിപിഎമ്മും കൊട്ടിഘോഷിക്കുന്നതു പോലൊരു കേരള മോഡൽ വികസനം യഥാർത്ഥത്തിൽ സംസ്ഥാനത്ത് സംഭവിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പകരം ഇവിടെയുള്ളത് കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും അഴിമതികളെയും സാമ്പത്തിക താല്പര്യങ്ങളെയും സംരക്ഷിക്കുന്ന മോഡൽ മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
കൃഷിയോ കർഷകരോ ഒരു കാലത്തും അവരുടെ മുൻഗണനയിലുണ്ടായിട്ടില്ലെന്നും മറിച്ച് റിയൽ എസ്റ്റേറ്റിലും കരാറുകളിലുമൊക്കെയാണ് സിപിഎമ്മിനും കോൺഗ്രസിനും ഒരു പോലെ താല്പര്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുഞ്ചക്കരിയിൽ നടന്ന പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാജീവ് ചന്ദ്രശേഖർ.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായൊരു വികസന സങ്കല്പമാണ് ബിജെപി ജനങ്ങൾക്കു മുന്നിൽ വയ്ക്കുകയെന്നും രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ ഈ രാജ്യത്തെ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും ചെറുകിട വ്യവസായത്തിനും വേണ്ടി കൈക്കൊണ്ട ക്ഷേമ പ്രവർത്തനങ്ങൾ കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നുംഅതായിരിക്കും വികസനത്തിന്‍റെ യഥാർത്ഥ കേരള മോഡലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളായണി പുഞ്ചക്കരിയിൽ വൃക്ഷത്തൈ നട്ടു. വെള്ളായണി കായലിൽ നിന്ന് വർഷങ്ങളായി മാലിന്യങ്ങൾ സ്വയം നീക്കം ചെയ്യുന്ന പുഞ്ചക്കരി ബിനുവിനെ അദ്ദേഹം ചടങ്ങിൽ ആദരിച്ചു. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ, സി ശിവൻകുട്ടി, കെ സോമൻ, നേമം മണ്ഡലം പ്രസിഡന്റ് രാജേഷ്, കൗൺസിലർമാരായ എം ആർ ഗോപൻ, ശ്രീദേവി, മഞ്ജു ജി എസ് എന്നിവർ സംസാരിച്ചു.


