Asianet News MalayalamAsianet News Malayalam

Bishop franco case : ഫ്രാങ്കോ കേസിൽ അതിവേഗം അപ്പീലിന് പൊലീസ്; നിയമോപദേശം തേടി കോട്ടയം എസ്പി

നിയമോപദേശത്തിന് ശേഷം അപ്പീൽ പോകാൻ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകും. അടുത്ത ആഴ്ച തന്നെ നടപടികൾ പൂ‍ർത്തിയാക്കാനാണ് പൊലീസിന്‍റെ നീക്കം.

kerala nun rape case against bishop franco mulakkal police looking into the possibility of an appeal
Author
Kottayam, First Published Jan 15, 2022, 11:49 AM IST

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കേസിൽ അതിവേഗം അപ്പീൽ സാധ്യത തേടി പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂറ്ററോട് നിയമോപദശം തേടി. നിയമോപദേശത്തിന് ശേഷം അപ്പീൽ പോകാൻ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകും. അടുത്ത ആഴ്ച തന്നെ നടപടികൾ പൂ‍ർത്തിയാക്കാനാണ് പൊലീസിന്‍റെ നീക്കം.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്‍റെ അധികാരമുപയോഗിച്ച് ബിഷപ്പ് ബലാത്സംഗം ചെയ്തെന്നും 2014 മുതൽ 2016 വരെയുളള കാലഘട്ടത്തിൽ തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രധാന പ്രോസിക്യൂഷൻ വാദം. ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. എന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത്.

ശാസ്ത്രീയ തെളിവുകളുടെ അഭാവം, സാഹചര്യത്തെളിവുകളെയും മൊഴികളെയും മാത്രം ആശ്രയിച്ചത്, പരാതിപ്പെടാനുണ്ടായ കാലതാമസം, ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ മഠവുമായി ബന്ധപ്പെട്ടുണ്ടിയിരുന്ന ചില തർക്കങ്ങൾ എന്നിവയൊക്കെയാകാം തിരിച്ചടിയായതെന്നാണ് പ്രോസിക്യഷൻ കണക്കുകൂട്ടന്നത്. അപ്രതീക്ഷിത വിധിയെന്നും ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ പ്രതികരണം. കേസുതന്നെ കെട്ടിച്ചമച്ചതാണെന്നും കന്യാസ്ത്രീമാരുടേത് കളളമൊഴിയാണെന്ന് തെളിഞ്ഞെന്നുമാണ് പ്രതിഭാഗം നിലപാട്. ബിഷപ്പിനെതിരായ വ്യക്തിവൈരാഗ്യം തീർക്കാനുളള ഗൂ‍ഡാലോചന പൊളിഞ്ഞെന്നും പ്രതിഭാഗം പ്രതികരിച്ചു. നീതി ജയിച്ചെന്ന് ജലന്ധർ രൂപതയും പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios