Asianet News MalayalamAsianet News Malayalam

അവയവ കൈമാറ്റം: അനധികൃതമായി കൈമാറിയതിൽ അധികവും വൃക്കകളെന്ന് എഫ്ഐആർ

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 417, 119, 120ബി വകുപ്പുകളും അവയവ കൈമാറ്റ നിയമം 1994 ലെ 19ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Kerala organ transplant row Crime branch register FIR
Author
Thiruvananthapuram, First Published Oct 27, 2020, 3:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൻതോതിൽ അനധികൃതമായ രീതിയിൽ അവയവ കൈമാറ്റം നടന്നതായി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ആരോപിക്കുന്നു. ഇതിൽ പ്രധാനമായും നടന്നത് വൃക്ക തട്ടിപ്പാണ്. ഇതിന് പിന്നിൽ സംഘടിതമായ ഗൂഢാലോചനയും നിയമലംഘനവും നടന്നതായും ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ക്രൈംബ്രാഞ്ച് എസ്‌പി സുദർശൻ കെഎസിനാണ് അന്വേഷണ ചുമതല. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 417, 119, 120ബി വകുപ്പുകളും അവയവ കൈമാറ്റ നിയമം 1994 ലെ 19ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരിച്ചറിയാത്തവരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പണം വാങ്ങി അവയവങ്ങള്‍ നൽകിയവർ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അയവങ്ങൾ നൽകുന്നുവെന്ന സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് കണ്ടെത്തൽ. കഴി‌ഞ്ഞ രണ്ടു വർഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്തു നൽകി.

സർക്കാർ‍ സംവിധാനങ്ങളെ കബളിപ്പിച്ചാണ് അവയവമാഫിയയുടെ പ്രവർത്തമെന്നാണ് കണ്ടെത്തൽ. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കുവേണ്ടി ഏജൻ്റുമാരാണ് ദാതാക്കളെ കണ്ടെത്തുന്നത്. അവയവ ദാതാക്കൾക്ക് പണം നൽകിയ ശേഷം അവരുടെ അറിയവോടെ തന്നെ വ്യാജ രേഖകള്‍ ഉണ്ടാക്കും. സാമൂഹിക സേവനത്തിൻ്റെ ഭാഗമായി ഒരു ജീവൻ രക്ഷിക്കാൻ സൗജന്യമായി അവയദാനത്തിന് തയ്യാറാകുന്നുവെന്ന സർട്ടിഫിക്കറ്റാണ് സർക്കാരിലേക്ക് നൽകുന്നത്. 

കഴി‌ഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന 35 അവയവദാനങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാ‌ഞ്ചിനെ ഞെട്ടിച്ചത്. ഗുണ്ടകള്‍ മുതൽ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ ഇതിൽപ്പെടുന്നു. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബന്ധ സർട്ടിഫിക്കറ്റിൽ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്. 

ഈ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാ‌ഞ്ച് തേടിയത്. അതേ സമയം അവയവം സ്വീകരിച്ച പലരുടെയും മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ചിന് കഴിയാത്ത അവസ്ഥയുമാണ്. ശസ്ത്രക്രി കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാൽ മൊഴിയെടുക്കുക അത്രവേഗം നടക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന രേകള്‍ പരിശോധിച്ച് ഇതിന് പിന്നിലെ സർക്കാർ ഉദ്യോഗസ്ഥരെയും ഏജൻുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് നീക്കം. 

Follow Us:
Download App:
  • android
  • ios