'ചായ പൈസ' തർക്കത്തിൽ പെട്രോൾ പമ്പ് അടച്ചിടൽ സമരം രാവിലെ 6 ന് തുടങ്ങും, 12 മണിവരെ ഒരു പമ്പും പ്രവർത്തിക്കില്ല
പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നുവരികയായിരുന്നു. 'ചായ പൈസ' എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്‍റെ തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിടാനും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് ആഹ്വാനം ചെയ്തിട്ടുണ്ട്.
പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നുവരികയായിരുന്നു. 'ചായ പൈസ' എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചു. ഇതോടെയാണ് തർക്കം രൂക്ഷമായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൈപ്പൊങ്കൽ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് 14 -ാം തിയതി പ്രാദേശിക അവധി ആയിരിക്കുമെന്നതാണ്. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ഇടുക്കി , പാലക്കാട് , വയനാട് ജില്ലകൾക്കാണ് 14 ന് പ്രാദേശിക അവധിയുണ്ടായിരിക്കുക. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചുള്ള അവധിയാണിത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടറിൽ ഈ അവധി ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ മകരവിളക്ക് , ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി തുടങ്ങിയ ഉത്സവങ്ങൾ നടക്കുന്നത് ഇതേ ദിവസമാണ്.