തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

തിരുവനന്തപുരം: തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐ നേതാവിന്റേത് ​ഗൗരവതരമായ വെളിപ്പെടുത്തലാണെന്ന് വി ഡി സതീശൻ പറഞ്ഞു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. കവർച്ചാസംഘമെന്ന് സിപിഎമ്മിനെ വിളിച്ചത് കോൺ​ഗ്രസല്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചു. കേരളത്തിൽ ഡി നേതാവിന് പോലും രക്ഷയില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കെഎസ് ‍യു നേതാക്കളെ തലയിൽ തുണിയിട്ട് കയ്യാമം വെച്ച് കോടതിയിൽ ഹാജരാക്കി. പോലീസുകാർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും സതീശൻ രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. 

അത്തരം പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ. ഒരുത്തനും കാക്കിയിട്ട് കേരളത്തിൽ നടക്കില്ല. മുഖ്യമന്ത്രി ഭയം മൂലം മൗനം പാലിക്കുകയാണ്. കേരളത്തിലെ പോലീസിനെ മുഖ്യമന്ത്രി തീവ്രവാദികളാക്കി മാറ്റി. തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് പറയുന്നു ജില്ലാ നേതൃത്വം കവർച്ചക്കാർ ആണെന്ന്. അപ്പോൾ സംസ്ഥാന നേതൃത്വം കൊള്ളക്കാരാണ്. കളങ്കിതമായ എല്ലാ ഇടപാടുകളിലും സിപിഐഎം നേതാക്കൾ പ്രതികളാകുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വയനാട് ജില്ലാ കമ്മിറ്റിയും കെപിസിസിയും കുടുംബത്തിന് സഹായം നൽകിയിട്ടുണ്ടെന്നും കൂടുതൽ വിശേഷങ്ങൾ തനിക്കറിയില്ല എന്നുമായിരുന്നു എൻ എം വിജയന്റെ കുടുംബത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. 

എസ് ഐ ആർ നീതിപൂർവമായ തെരഞ്ഞെടുപ്പിന് എതിരായ ബിജെപിയുടെ തന്ത്രമാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. എന്തിനാണ് വോട്ടർ പട്ടിക 2002ലേക്ക് പോകുന്നതെന്നും 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര അർഹതയുള്ളവർക്ക് വോട്ട് ചെയ്യാൻ പറ്റാതെ പോകും. കഴിഞ്ഞ 23 വർഷമായി വോട്ട് ചെയ്യുന്നവർക്ക് ഒരു സുപ്രഭാതത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാതാവും. അതിനുള്ള മായാജാലം ആണ് എസ്ഐആർ. ബീഹാറിൽ എന്നതുപോലെ ശക്തമായ പ്രക്ഷോഭം കേരളത്തിലും സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. 

'എല്ലാ കളങ്കിത ഇടപാടുകളിലും CPMന് പങ്കുണ്ടെന്നതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്നത്'

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming