വാഴക്കുളത്ത് വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളിൽ ഒരാളെ വെസ്റ്റ് ബംഗാളിൽ ചെന്ന് പൊലീസ് സാഹസികമായി പിടികൂടി
കൊച്ചി: വാഴക്കുളത്ത് വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളിൽ ഒരാളെ വെസ്റ്റ് ബംഗാളിൽ ചെന്ന് പൊലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ ജലങ്കി സ്വദേശിയായ അസ്‌ലം ഷേക്ക് (31)നെയാണ് തടയിട്ട പറമ്പ് പൊലീസ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നന്ന കണ്ണികളിൽപ്പെട്ട ആളാണ് അസ്‌ലം. 15 വർഷത്തോളം പോഞ്ഞാശ്ശേരി, ചെമ്പറക്കി ഭാഗങ്ങളിൽ താമസിച്ച് വന്നിരുന്ന ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു.
കഞ്ചാവ് പിടികൂടിയ വീട് വാടകയ്ക്ക് എടുത്തിരുന്നത് ഇയാളാണ്. കഞ്ചാവ് ഏർപ്പാടാക്കുന്നതും ട്രെയിൻ മാർഗം എത്തിക്കുന്നതും ഇവിടെ വിൽപ്പന നടത്തുന്നതും പല പല ടീമുകളായിട്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നിർദ്ദേശാനുസരണം രൂപീകരിച്ച ടീം ബംഗാൾ മുർഷിദാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹുക്കാറ എന്ന സ്ഥലത്തുനിന്നും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പട്ടണത്തിൽ നിന്നും ഏറെ അകലെയുള്ള ഉൾഗ്രാമത്തിലാണ് താമസിച്ചിരുന്നത്. പുറത്ത് നിന്നുള്ളവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശം. ഈ ഭാഗത്ത് വേഷം മാറി താമസിച്ചാണ് അസ്ലമിനെ കണ്ടെത്തിയത്. പിടികൂടാൻ നേരത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിന്തുടർന്ന് വളഞ്ഞ് പിടികൂടുകയായിരുന്നു.


