കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു

തിരുവനന്തപുരം: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷണസംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും നിലവിൽ വി ഐ പി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Read More: 'പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചു; പിഴത്തുക കുടുംബാം​ഗങ്ങൾക്ക് നൽകണം'; പബ്ലിക് പ്രോസിക്യൂട്ടർ

ആലപ്പുഴയിൽ നിന്നുള്ള ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പൊലീസുകാര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടത്. എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രഞ്ജിത്തിനെ വധിച്ചത്.

പട്ടിക തയ്യാറാക്കി കൊലപാതകം, പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി; രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൻ്റെ നാൾവഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്