തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പരിസരത്ത് വിദ്യാർത്ഥി മുണ്ട് ഉടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട പൊലീസ് സഹായവുമായെത്തി. 

തിരുവനന്തപുരം: വിദ്യാർത്ഥിയെ മുണ്ട് ഉടുക്കാൻ സഹായിക്കുന്ന പൊലീസിന്‍റെ വീഡിയോ ഫേസ് ബുക്കിൽ വൈറലാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പരിസരത്താണ് സംഭവം. വിദ്യാർത്ഥി മുണ്ട് ഉടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ മണ്ണന്തല പൊലീസ് സംഘം സഹായവുമായെത്തി. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസാണ് വിദ്യാർത്ഥിയെ മുണ്ടുടുക്കാൻ സഹായിച്ചത്.

മുണ്ട് ഉടുക്കാൻ അറിയാത്തവർക്ക് എതിരെ കേസ് എടുക്കണം സാർ, നമ്മുടെ പൊലീസ് മുത്താണ്, മുണ്ടഴിപ്പിച്ച് നിക്കറിൽ നിർത്താൻ മാത്രമല്ല മുണ്ടുപ്പിക്കാനും അറിയാം എന്നിങ്ങനെ രസകരമായ കമന്‍റുകൾ വീഡിയോയ്ക്ക് താഴെ കാണാം. പൊലീസ് ഇങ്ങനെ ഫ്രീ ആയി പെരുമാറണമെന്നും പൊലീസ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്നത് പോകണമെന്നും തെറ്റ് ചെയ്താലേ പൊലീസിനെ ഭയക്കേണ്ടതുള്ളൂ എന്ന തിരിച്ചറിവ് വരണമെന്നും എന്നെല്ലാം നിരവധി കമന്‍റുകൾ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.

View post on Instagram