കുട്ടി തങ്ങളോടൊപ്പം വരാൻ സന്നദ്ധത അറിയിച്ചെന്ന് കഴക്കൂട്ടം എസ് ഐ രഞ്ജിത്ത് വി എസ് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടിയെ കേരള പൊലീസ് സംഘം ഏറ്റെടുത്തു. ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. നാളെ കുട്ടിയുമായി കേരള പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും. കുട്ടി തങ്ങളോടൊപ്പം വരാൻ സന്നദ്ധത അറിയിച്ചെന്ന് കഴക്കൂട്ടം എസ് ഐ രഞ്ജിത്ത് വി എസ് മാധ്യമങ്ങളോട് പറഞ്ഞു.
കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്നാണ് 13 കാരിയെ കണ്ടെത്തിയത്. ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ നിന്നും കണ്ടെത്തിയ കുട്ടിവിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലായിരുന്നു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാൻ ശ്രമിച്ചത്. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചിരുന്നു.
അതേസമയം, മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാൻ ശ്രമിച്ചത്.
