സാന്‍ഫാര്‍മയ്ക്ക് കൊടുത്ത ഓര്‍ഡര്‍ കിറ്റിന് വില കുറഞ്ഞ് തുടങ്ങിയപ്പോള്‍ ഓര്‍ഡര്‍ അരലക്ഷത്തില്‍ നിന്ന് പതിനയ്യായിരം ആയി കുറച്ചെന്ന വാദവുമാണ് പൊളിയുന്നത്.

തിരുവനന്തപുരം : മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ ന്യായീകരണം പൊളിയുന്നു. വിപണിയിൽ വില കുറഞ്ഞപ്പോൾ ഓർഡർ വെട്ടിക്കുറച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സാന്‍ഫാര്‍മയ്ക്ക് കൊടുത്ത ഓര്‍ഡര്‍ കിറ്റിന് വില കുറഞ്ഞ് തുടങ്ങിയപ്പോള്‍ ഓര്‍ഡര്‍ അരലക്ഷത്തില്‍ നിന്ന് പതിനയ്യായിരം ആയി കുറച്ചെന്ന വാദവുമാണ് പൊളിയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണ പരമ്പര 'കൊവിഡ് കൊള്ള' തുടരുന്നു....

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ മറവില്‍ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതും വസ്തുതയും രണ്ടാണെന്നാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. 550 രൂപയ്ക്ക് കേരളത്തിലെ കെയ്റോണ്‍ എന്ന കമ്പനിയില്‍ നിന്ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങാന്‍ പര്‍ചേസ് ഓര്‍ഡര്‍ കൊടുത്ത അതേ ദിവസമായിരുന്നു മൂന്നിരട്ടി വിലയ്ക്കുള്ള പിപിഇ കിറ്റ് വാങ്ങാനും തീരുമാനമാകുന്നത്. അങ്കമാലിയില്‍ നിന്നുള്ള മഹിളാ അപ്പാരല്‍സും 450 രൂപയ്ക്ക് പിപിഇ കിറ്റ് നല്‍കാന്‍ തയ്യാറായ സമയമായിരുന്നു 2020 മാര്‍ച്ച് 30. എന്നാല്‍, ഈ ദിവസം സാന്‍ഫാര്‍മയ്ക്ക് നല്‍കിയ ഓര്‍ഡര്‍, കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് ലഭിക്കും എന്ന സാഹചര്യം വന്നതോടെ പിന്നീട് റദ്ദ് ചെയ്തെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.

Also Read:സർക്കാർ പറഞ്ഞത് കള്ളം; മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉന്നതതല യോഗം ചേരും മുമ്പ്, രേഖകൾ പുറത്ത്

YouTube video player

ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന സാഹചര്യം വന്നപ്പോഴല്ല സാന്‍ഫാര്‍മയ്ക്ക് കൊടുത്ത ഓര്‍ഡര്‍ അരലക്ഷത്തില്‍ നിന്ന് 15000 ആയി കുറച്ചത്. 2020 മാര്‍ച്ച് 30 ന് സാന്‍ഫാര്‍മയ്ക്ക് 1550 രൂപയുടെ 50000 പിപിഇ കിറ്റിനുള്ള ഓര്‍ഡര്‍ കൊടുക്കുന്നു. തൊട്ടടുത്ത ദിവസം അതായത് 2020 മാര്‍ച്ച് 31 ന് തന്നെ 50000 എന്നത് 15000 ആക്കി കുറച്ച് അ‍ഞ്ച് കോടി രൂപ അധികം വാങ്ങിയെടുത്തു. അല്ലാതെ മുഖ്യമന്ത്രി പറഞ്ഞപോലെ തദ്ദേശീയമായി വില കുറച്ചുള്ള കിറ്റ് കിട്ടിത്തുടങ്ങിയപ്പോഴല്ല ഓര്‍ഡര്‍ റദ്ദാക്കിയത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ചെയ്തതെല്ലാം ആത്മാര്‍ത്ഥമായാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് രേഖകള്‍ പരിശോധിക്കുമ്പോള്‍ തെറ്റെന്ന് ബോധ്യമാകുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചതോടെ ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ അന്വേഷണവും നിലച്ചു.