സംസ്ഥാന സർക്കാരിൻ്റെ പിആർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്

തിരുവനന്തപുരം: സംസ്ഥാന പിആർഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാർ ചെലവിൽ പാർട്ടി ക്ലാസ്. പബ്ലിക് റിലേഷൻസ് മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പിആ‍ർഡി ചെലവിൽ നടത്തിയ ക്ലാസിലാണ് സിപിഎം നേതാവും ഇടത് അനുകൂല നിലപാടുള്ള മാധ്യമപ്രവർത്തകരും ക്ലാസെടുത്തത്. തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന ക്ലാസിൽ സിപിഎം രാജ്യസഭാംഗവും പാർട്ടി ചാനലിൻ്റെ മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ്, ഇടത് അനുകൂല നിലപാടുയർത്തുന്ന മാധ്യമപ്രവർത്തകൻ ഡോ. അരുൺ കുമാർ, മുൻ മാധ്യമപ്രവർത്തകയും അധ്യാപികയുമായ എംഎസ് ശ്രീകല എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.

ജോൺ ബ്രിട്ടാസ് നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. പാർട്ടിയുടെ രാജ്യസഭാ എംപിയായ ഇദ്ദേഹം പാർട്ടി ചാനലായ കൈരളി ന്യൂസിൻ്റെ എംഡി കൂടിയാണ്. തൃശ്ശൂരിലെ സിപിഎം നേതാവ് ടികെ വാസുവിൻ്റെ ഭാര്യയാണ് മുൻപ് മാധ്യമപ്രവ‍ർത്തകയായിരുന്ന എംഎസ് ശ്രീകല. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലെ ശ്രീകൃഷ്‌ണ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി എംഎസ് ശ്രീകലയ്ക്ക് ജോലി ലഭിച്ചത് വൻ വിവാദമായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പടക്കം വാർത്തകളുടെ ഉള്ളടക്കത്തിൽ സിപിഎം അനുകൂല പ്രചാരണം നടത്തുന്നുവെന്ന പേരിൽ കോൺഗ്രസ് ബഹിഷ്‌കരിച്ചിരിക്കെയാണ്, റിപ്പോർട്ടർ ചാനലിലെ വാർത്താ അവതാരകനായ അരുൺകുമാറിനെ ക്ലാസെടുക്കാൻ ക്ഷണിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജിൽ രണ്ട് ദിവസത്തെ പഠന ക്ലാസ് സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റിലെ പിആർഡി വകുപ്പിൽ പുതുതായി ചേർന്ന ഉദ്യോഗസ്ഥരെയടക്കം പങ്കെടുപ്പിച്ചായിരുന്നു ക്ലാസ്. സംസ്ഥാന സ‍ർക്കാരിൻ്റെ പിആർ പ്രവർത്തനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരുന്നു പഠന ക്ലാസിൻ്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ പരിപാടിയിലേക്ക് ക്ലാസെടുക്കുന്നവരെ തെരഞ്ഞെടുത്തതിൻ്റെ മാനദണ്ഡം എന്തായിരുന്നുവെന്ന് പിആർഡി വ്യക്തമാക്കുന്നില്ല. ക്ലാസെടുക്കാൻ സംസ്ഥാനത്തിന് അകത്ത് നിന്നോ പുറത്ത് നിന്നോ മറ്റേതെങ്കിലും മാധ്യമപ്രവർത്തകരെ ക്ഷണിച്ചോയെന്ന ചോദ്യത്തിനും വകുപ്പ് യാതൊരു മറുപടിയും നൽകിയില്ല.

YouTube video player