സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. മഴയ്‍ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂർ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ. പത്ത് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും ഇരുപത് സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്. അരുവിക്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റർ കൂടി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

അടുത്ത മൂന്ന് മണിക്കൂർ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാപക നാശം വിതച്ച് മഴ

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളത്ത് കനത്ത മഴയും കാറ്റും അങ്കമാലി കറുകുറ്റിയിൽ താൽക്കാലിക പന്തൽ തകർന്നു. ഡിവൈഎഫ്ഐ നടത്തുന്ന ഓണ നിലാവ് പരിപാടിയുടെ താൽക്കാലിക പന്തലാണ് തകർന്നത്. ആർക്കും പരിക്കില്ല. ആലുവയിൽ കനത്തമഴയിൽ ചില റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം നിലമേലിൽ എംസി റോഡിൽ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ട മലയാലപ്പുഴയിൽ കാറ്റിൽ റോഡിന് കുറുകെ മരം വീണു. കണ്ണൂർ പറശ്ശിനിക്കടവിൽ ഇടിമിന്നലിൽ വ്യാപക നാശമുണ്ടായി. രണ്ട് വീടുകളുടെ ചുമരിൽ വിള്ളൽ വീണു. വയറിങ്ങും ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും കത്തി നശിച്ചു.

YouTube video player