Asianet News MalayalamAsianet News Malayalam

Kerala Rain : സംസ്ഥാനത്ത് മഴ തുടരും; നാളെ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അരിയിച്ചിട്ടുള്ളത്. മൺസൂൺ പാത്തി ( Monsoon Trough) അതിന്റെ  സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്.

kerala rain updates yellow alert declared in 12 districts tomorrow
Author
Thiruvananthapuram, First Published Jul 7, 2022, 9:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ നാളെയും തുടരുമെന്ന് മുന്നറിയിപ്പ്.  12 ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അരിയിച്ചിട്ടുള്ളത്.

മൺസൂൺ പാത്തി ( Monsoon Trough) അതിന്റെ  സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ചക്രവാതചുഴിയും ( Cyclonic Circulation)നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുള്ളത്. 

വിവിധ ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ 

*08-07-2022: പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* 
*09-07-2022:  ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* 
*10-07-2022:  ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* 
*11-07-2022:  ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* 
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 07-07-2022 മുതൽ 11-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 07-07-2022 മുതൽ 11-07-2022 വരെ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല. 

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

07-07-2022 മുതൽ 09-07-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം  അതിനോട് ചേർന്നുള്ള  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

07-07-2022  മുതൽ 08-07-2022 വരെ: ആന്ധ്രാ പ്രദേശ് തീരം അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

07-07-2022  മുതൽ 11-07-2022 വരെ:തെക്ക് കിഴക്കൻ -  മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ)  09-07-2022 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

കാസർകോട്, കണ്ണൂർ ജില്ലകളിലും ദേവികളും താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട്: കനത്ത മഴ തുടരുന്ന  സാഹചര്യത്തിൽ നാളെ (ജൂലൈ 8 വെള്ളി) )കാസർകോട്, കണ്ണൂർ ജില്ലകളിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ജില്ലാ കളക്ടർമാർ  അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക് പരിധിയിൽ 04.07.2022 തീയതി മുതൽ മഴ തുടരുന്നതിനാലും, താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാർ, ദേവികുളം ഭാഗങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലും,  ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ നാളെ (08.07.2022)  അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

Follow Us:
Download App:
  • android
  • ios