Asianet News MalayalamAsianet News Malayalam

'ദേ കുറ്റിയെന്നല്ല, ദേ കപ്പലെന്നാ പറയുന്നേ.' വിഴിഞ്ഞം പരിപാടിയുടെ ഒരുക്കങ്ങൾ ഗംഭീരമെന്ന് മന്ത്രിമാർ; വീഡിയോ

വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശിയാണ് സ്വീകരിക്കുന്നത്.

kerala ready to welcome first ship to Vizhinjam International Seaport joy
Author
First Published Oct 14, 2023, 8:47 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ സ്വീകരിക്കുന്നതിനുള്ള ചടങ്ങിന് മുന്നോടിയായി ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും ജി ആര്‍ അനിലും കപ്പലിനെ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വിലയിരുത്തല്‍ നടത്തി. 'ദേ കുറ്റിയെന്നല്ല, ദേ കപ്പലെന്നാ പറയുന്നേ. നാളത്തെ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ഗംഭീര'മാണെന്ന് വീഡിയോ പങ്കുവച്ച് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

അദാനി പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജും സബ് കളക്ടര്‍ അശ്വതി ശ്രീനിവാസും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി അദീല അബ്ദുള്ളയും പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ക്രമീകരണങ്ങളെക്കുറിച്ചു മന്ത്രിമാര്‍ ഉന്നിച്ച സംശയങ്ങള്‍ക്ക് അദാനി വിഴിഞ്ഞം പോര്‍ട്ട് കോര്‍പ്പറേറ്റ് അഫയേഴ്‌സ് മേധാവി സുശീല്‍ നായര്‍ മറുപടി നല്‍കി. 3500 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ സജ്ജമാക്കുന്ന പന്തലിലും മന്ത്രിമാര്‍ സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി. 

വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശിയാണ് സ്വീകരിക്കുന്നത്. നാളെ വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യ അതിഥി ആയിരിക്കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവരും പങ്കെടുക്കും. സംസ്ഥാനത്തെ മറ്റു മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സംബന്ധിക്കും.

തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെന്‍ഹുവ 15 കപ്പല്‍ ഇതിനോടകം പുറം കടലില്‍ എത്തിയിട്ടുണ്ട്. പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കുന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മൂന്നു മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തു സുരക്ഷ പരിശോധനകള്‍ക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സദസ്സിലേക്ക് എത്തിക്കും. പ്രവേശനത്തിന് പ്രത്യേക പാസുകളില്ല. മുഴുവന്‍ ജനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും ഉച്ചക്ക് 2 മണി മുതല്‍ വിഴിഞ്ഞത്തേക്കും, 6 മണി മുതല്‍ തിരിച്ചും സൗജന്യ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ചും ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അഹമ്മദ് ദേവര്‍കോവില്‍ അഭ്യര്‍ത്ഥിച്ചു.

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പല്‍; കാണാന്‍ അവസരം, പാസ് വേണ്ട, ചെയ്യേണ്ടത് ഇക്കാര്യം മാത്രം 
 

Follow Us:
Download App:
  • android
  • ios