അതേസമയം, ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് നാല് ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.
തിരുവനന്തപുരം: ജൂലൈ മാസം സംസ്ഥാനത്ത് ലഭിക്കേണ്ട മഴയേക്കാൾ 16 ശതമാനം അധികമായി ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 653.5 മില്ലി മീറ്റർ മഴയാണ് ജൂലൈയിൽ കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ, ജൂലൈ ഒന്ന് മുതൽ 31 വരെ 760.5 മി.മീറ്റർ മഴ ലഭിച്ചു. 2009ന് ശേഷം ആദ്യമായാണ് ജൂലൈയിൽ ഇത്രയധികം മഴ ലഭിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ട്. കണ്ണൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
Read More... പീച്ചി ഡാം രാത്രി അനിയന്ത്രിതമായി തുറന്ന് വെള്ളം പുറത്തേക്ക് വിട്ടു, വെള്ളക്കെട്ട്; അന്വേഷണത്തിന് ഉത്തരവിട്ടു
കണ്ണൂരിൽ 50 ശതമാനം അധികമഴയും പാലക്കാട് 49 ശതമാനം അധിക മഴയും പെയ്തു. മലപ്പുറത്ത് 36 ശതമാനമാണ് അധികം പെയ്തത്. കോഴിക്കോട് 26 ശതമാനവും തിരുവനന്തപുരത്ത് 24 ശതമാനവും തൃശൂരിൽ 19 ശതമാനവുമാണ് അധികമഴ.
അതേസമയം, ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് നാല് ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. 1301.7 മി.മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 1249.7 മി.മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ (22 ശതമാനം അധികം), പാലക്കാട് (15 ശതമാനം അധികം) ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. ഇടുക്കി(-25), എറണാകുളം (-22), ആലപ്പുഴ (-17), വയനാട്(-15) എന്നീ ജില്ലകളിലാണ് മഴക്കുറവ്.
