ചേർത്തല സ്വദേശിയായ മലയാളി യുവാവിന് ഓസ്ട്രിയയിലും അയർലൻഡിലുമായി ഗവേഷക പഠനം നടത്താനുള്ള രണ്ട് കോടി രൂപയുടെ സ്കോളർഷിപ്പ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഡോക്ടറൽ നെറ്റ്‌വർക്കായ പ്രോട്ടേമിക് 4 വർഷത്തെ ഗവേഷക പഠനത്തിനായി നൽകുന്ന സ്കോളർഷിപ്പാണ് സബിന് ലഭിച്ചത്

ആലപ്പുഴ: ചേർത്തല സ്വദേശിയായ മലയാളി വിദ്യാർത്ഥിക്ക് രണ്ട് കോടി രൂപയുടെ ഗവേഷക സ്കോളർഷിപ്പ്. ചേർത്തല സ്വദേശി സെബിൻ കെ ബിനുവിനാണ് രണ്ട് യൂറോപ്യൻ രാജ്യങ്ങളിലായി ഗവേഷക രംഗത്ത് ഉപരിപഠനം നടത്താനുള്ള സ്കോളർഷിപ്പ് ലഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഹോറിസോൺ മേരി സ്കോളോടോവാസ്‌ക ആക്ഷൻ-ഡോക്ടറൽ നെറ്റ്‌വർക്ക് ഏർപ്പെടുത്തിയതാണ് സ്കോളർഷിപ്പ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഡോക്ടറൽ നെറ്റ്‌വർക്കായ പ്രോട്ടേമിക് നാല് വർഷത്തെ ഗവേഷക പഠനത്തിനായി നൽകുന്ന സ്കോളർഷിപ്പാണിത്.

ഓസ്ട്രിയയിലും അയർലൻഡിലുമായി തുടർപഠനം

യൂറോപ്യൻ രാജ്യങ്ങളിൽ നടത്തുന്ന പഠനത്തിന് 207120 യൂറോ (രണ്ട് കോടിയിൽ അധികം) രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുന്നത്. ഇന്ത്യയിൽ തന്നെ നിരവധി പേർ മത്സരിച്ചെങ്കിലും സെബിനെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. രണ്ട് രാജ്യങ്ങളിലായാണ് ഗവേഷക പഠനം നടക്കുക. ആദ്യം ഓസ്ട്രിയയിലെ വിയന്നയിലുള്ള വീൻ ടെക്നിക്കൽ സർവകലാശാലയിലും തുടർന്ന് അയർലൻഡിലെ മൂൺസ്റ്റാർ ടെക്‌നോളോജിക്കൽ സർവകലാശാലയിലുമായാണ് പഠനം.

ഗവേഷണ തത്പരരായ വിദ്യാർത്ഥികളിൽ നിന്നും ആഗോള തലത്തിൽ വിവിധ ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയാണ് സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നത്. സെബിൻ കെ ബിനു ഈ മാസം 24ന് ഓസ്ട്രിയയിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. സഹോദരി ആൻ മരിയ കെ ബിനു നിലവിൽ സൗത്ത് കൊറിയയിലെ പുസ്സാൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയാണ്. തണ്ണീർമുക്കം എൽ പി സ്കൂൾ പ്രഥമ അധ്യാപകൻ ഒറ്റമശ്ശേരി കുരിശിങ്കൽ വീട്ടിൽ ബിനു കെ കുഞ്ഞപ്പന്റെയും, അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസ്സിസി എച്ച് എസ് എസ് അധ്യാപിക മേരിലാമ്മ വർഗീസിന്റെയും മക്കളാണ് ഇരുവരും.