Asianet News MalayalamAsianet News Malayalam

റീസർവേ പൂർത്തിയാക്കാൻ 46 വർഷം കൂടി കാത്തിരിക്കാനാവില്ല, ഡിജിറ്റലൈസേഷൻ വേഗത്തിലാക്കും; മന്ത്രി കെ രാജൻ

റീസർവേ പൂർത്തിയാക്കാൻ ഇനിയും ഒരു 46 വർഷം കൂടി കാത്തിരിക്കാനാവില്ല. 54 കൊല്ലം കൊണ്ട് 54 ശതമാനം വില്ലേജ് ഓഫീസുകളിൽ മാത്രമാണ് നടപടികൾ പൂർത്തിയായത്

Kerala Revenue Minister K Rajan on digital resurvey
Author
Thiruvananthapuram, First Published Jun 17, 2021, 5:33 PM IST

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ഡിജിറ്റലൈസേഷൻ നേരത്തെ തുടങ്ങി. അത് എത്രകാലം കൊണ്ട് പൂർത്തിയാകുമെന്ന് പറയാനാവില്ല. ഈ സർക്കാരിന്റെ കാലാവധി കൊണ്ട് തന്നെ പ്രാഥമികമായ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കും. റീസർവേ പൂർത്തിയാക്കാൻ ഇനിയും ഒരു 46 വർഷം കൂടി കാത്തിരിക്കാനാവില്ല. 54 കൊല്ലം കൊണ്ട് 54 ശതമാനം വില്ലേജ് ഓഫീസുകളിൽ മാത്രമാണ് നടപടികൾ പൂർത്തിയായത്. അതുകൊണ്ട് ഡിജിറ്റൽ സംവിധാനങ്ങൾ വഴി റീസർവേ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡിജിറ്റൽ റീസർവേ കഴിഞ്ഞാൽ ആളുകൾക്ക് അവരുടെ ഭൂമി കൃത്യമായി കിട്ടും. അതിന് പുറമെ സർക്കാരിന് ഒരുപാട് ഭൂമി അധികമായി ലഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏറ്റവും വേഗത്തിൽ റീസർവെ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി വഴി വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യമായ മാറ്റം ആലോചിക്കുന്നുണ്ട്. വില്ലേജ് ഓഫീസിലെത്തുന്ന ഒരാൾക്ക് പരാതികളില്ലാതെ ആവശ്യം ലഭ്യമാകുന്ന തരത്തിലാണ് പുതിയ സേവനങ്ങൾ ഉദ്ദേശിക്കുന്നത്. കെട്ടിടം പുതുക്കിപ്പണിയൽ മാത്രമല്ല സർക്കാരിന്റെ ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ആലോചിക്കുന്നുണ്ട്. മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്ന വില്ലേജ് ഓഫീസർമാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് ഓരോ വർഷവും മികച്ച വില്ലേജ് ഓഫീസർ അവാർഡ് നൽകും. തഹസിൽദാർമാരുടെ വിഭാഗത്തിലും ഈ അവാർഡ് ലഭിക്കും. റവന്യു വകുപ്പിന്റെ ഓഫീസുകളിൽ വർഷം തോറും സന്തോഷ സൂചിക പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

തൊഴിൽ നൈപുണ്യത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് ജീവനക്കാർക്ക് പരിശീലനം അത്യാവശ്യമാണ്. റവന്യു ജീവനക്കാർക്ക് വേണ്ടി വിദ്യാഭ്യാസ പാക്കേജ് ആവശ്യമാണ്. ഉത്തരവുകളെ വ്യാഖ്യാനിക്കുന്നതിലും അത് നടപ്പാക്കുന്നതിലും അടക്കം അടിസ്ഥാന കാര്യങ്ങളിൽ പരിശീലനം നൽകേണ്ടതുണ്ട്. പരിശീലനം നേടിയാൽ മാത്രമേ തുടർ നടപടി സ്വീകരിക്കാനാവൂ എന്ന് നിർബന്ധിക്കപ്പെട്ടാലേ അത് കൃത്യമായി നടപ്പിലാക്കാനാവൂ. കേരളത്തിലെ റവന്യു ഉദ്യോഗസ്ഥർക്ക് വിവിധ കാറ്റഗറി തിരിച്ച് വിവിധ ടീമുകളായി സാമൂഹ്യ മാധ്യമങ്ങൾ വഴി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios