കേരളത്തിലേത് പോക്കണംകെട്ട പ്രതിപക്ഷം: ഇപി ജയരാജൻ
സോളാർ കേസിന് പിന്നിൽ കോൺഗ്രസിലെ തർക്കമാണെന്നും ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസാണെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ

തിരുവനന്തപുരം: കേരളത്തിലേത് പോക്കണംകെട്ട പ്രതിപക്ഷമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സോളാർ കേസിന് പിന്നിൽ കോൺഗ്രസിലെ തർക്കമാണെന്നും ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസാണെന്നും ഇപി ജയരാജൻ പറഞ്ഞു. പുതുപ്പള്ളിയിലേത് സഹതാപതരംഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗണേഷ് കുമാറിനെ ഇപി ജയരാജൻ പിന്തുണച്ചു. സ്വത്ത് തർക്കം കുടുംബ പ്രശ്നം മാത്രമാണെന്നും അതിൽ രാഷ്ട്രീയ പ്രശ്നമില്ലെന്നും ഇപി പറഞ്ഞു. മറ്റു എംഎൽഎമാർക്ക് ആർക്കും കുടുംബ പ്രശ്നം ഇല്ലേയെന്നും ഇപി ചോദിച്ചു.
അതേസമയം മന്ത്രിസഭാ പുനസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയമാണെന്നും എൽഡിഎഫോ സിപിഎമ്മോ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയേയും സർക്കാരിനെയും പ്രശ്നത്തിലാക്കാൻ ഉള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒന്നിച്ചിരുന്നാണ് 2021ലെ ധാരണ ഉണ്ടാക്കിയത്. മന്ത്രിസഭ എങ്ങനെയായിരിക്കണമെന്നും വകുപ്പ് വിഭജനമെങ്ങനെയായിരിക്കണമെന്നും അന്നേ തീരുമാനിച്ചതാണ്. അത് ഐക്യകണ്ഠേന്നെ അംഗീകരിച്ച ധാരണയാണെന്നും ഇപി പറഞ്ഞു. എല്ലാ പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാനാകില്ലെന്നും സിപിഎം മന്ത്രിമാരുടെ മാറ്റം ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാകണമെന്ന കോവൂർ കുഞ്ഞുമോന്റെ ആവശ്യത്തിന് പാർട്ടി നേതാവെന്ന നിലയിൽ കോവൂരിന് മന്ത്രിസ്ഥാനം ഡിമാന്റ് ചെയ്യാമെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.
Read More: മന്ത്രിസ്ഥാനം: എൽജെഡിയുടെയും തോമസിന്റെയും ആവശ്യം നടക്കില്ല; ഉറപ്പിച്ച് ഗണേഷും കടന്നപ്പള്ളിയും
അതേസമയം വന്ദേഭാരത് ട്രെയിനിനെയും ഇപി പ്രകീർത്തിച്ചു. ഇൻഡിഗോ വിലക്കിയെങ്കിലും വന്ദേഭാരത് ആശ്വാസമായെന്നും സിൽവർ ലൈനിന്റെ പ്രസക്തി ഇതോടെ കൂടിയെന്നും സിൽവർ ലൈനിനെതിരെ നടന്നവർ ഇപ്പോ ആ കുറ്റിയും പറിച്ച് വന്ദേഭാരതിൽ കയറുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നെന്ന വിഷയമുയർത്തി ഈ മാസം 21-ന് രാജ്ഭവന് മുന്നിൽ എൽഡിഎഫ് സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.