സ്‌കൂൾ പൂർണമായി തുറക്കുന്നതിൽ കൂടിയാലോചന നടത്താത്തതിൽ തങ്ങൾക്കുള്ള പ്രതിഷേധം അധ്യാപക സംഘടനകൾ സർക്കാരിനെ അറിയിച്ചു

തിരുവനന്തപുരം: സ്കൂളുകൾ (Schools) തുറക്കാനുള്ള സർക്കാർ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപകസംഘടനകൾ (Teacher's organisations). സ്‌കൂൾ പൂർണമായി തുറക്കുന്നതിൽ കൂടിയാലോചന നടത്താത്തതിൽ തങ്ങൾക്കുള്ള പ്രതിഷേധം അധ്യാപക സംഘടനകൾ സർക്കാരിനെ അറിയിച്ചു. ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നത്, മുഴുവൻ സമയം പ്രവർത്തിക്കുന്നത്, ഫോക്കസ് ഏരിയ എന്നിവയിൽ സഹകരിക്കും. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയത് പ്രത്യേക സാഹചര്യത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty) വിശദീകരിച്ചു.

അഭിപ്രായം പറഞ്ഞതിന്റെയോ വിമർശിച്ചതിന്റെയോ പേരിൽ അധ്യാപകർക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. ശനിയാഴ്ച ക്ലാസുകൾ അടുത്ത മൂന്ന് ആഴ്ച മാത്രമേ ഉണ്ടാകൂ. നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുമ്പോൾ ഓൺലൈൻ ക്ലാസുകൾ അധ്യാപകർക്ക് ഭാരമാവുന്ന തരത്തിൽ തുടരില്ല. അധ്യാപകരോട് കൂടിയാലോചിക്കാതെ മാർഗനിർദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടിയാലോചന ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അധ്യാപകരുടെ പ്രതിഷേധം ഇങ്ങനെ

സംസ്ഥാനത്തെ സ്കൂളുകൾ (School opening) തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരായാണ് വിമർശനം ഉയർന്നത്. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാർഗ്ഗരേഖ ഇറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ് - സിപിഐ അനുകൂല അധ്യാപക സംഘടനകൾ വിമർശിച്ചു. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്നത് പിൻവലിക്കണമെന്ന് കോൺഗ്രസ് സംഘടന കെപിഎസ് ടി എ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘടന എകെഎസ്‌ടിയുവിന്റെ പ്രതികരണം.

സർക്കാർ തീരുമാനം

സംസ്ഥാനത്ത് ഇന്നലെ മുതൽ സ്കൂൾ തുറന്നു. ഫെബ്രുവരി 21 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇനി മുതൽ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 21 മുതൽ മുഴുവൻ ക്ലാസുകളും വൈകിട്ട് വരെയുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. സ്കൂളിലെത്താൻ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവർ സ്കൂളിലെത്തണം. ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്കൂളിലേക്കെത്തിക്കാൻ അധ്യാപകർക്ക് ചുമതല നൽകി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ തീരുമാനം ബാധകമാണ്. 

ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താൻ കഴിയാത്തവർക്കായി ഡിജിറ്റൽ-ഓൺലൈൻ ക്ലാസുകൾ തുടരും. പരീക്ഷയ്ക്ക് മുമ്പ്പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നൽ. പത്ത്, പ്ലസു ക്ലാസുകളിൽ ഈമാസം 28ന് മുൻപായി പാഠഭാഗങ്ങൾ തീർക്കാനാണ് കർശന നിർദേശം. പത്ത്, പ്ലസ്ടു അധ്യാപകർ പാഠഭാഗങ്ങൾ തീർത്തതിന്റെ റിപ്പോർട്ട് എല്ലാ ശനിയാഴ്ച്ചയും നൽകണം. 1 മുതൽ 9 ക്ലാസുകൾക്കും വാർഷിക പരീക്ഷയുണ്ടാകും. തിയതി പിന്നീടറിയിക്കും.