Asianet News MalayalamAsianet News Malayalam

'ഗവര്‍ണറുടെ കാറില്‍ എസ്എഫ്‌ഐക്കാര്‍ ഇടിക്കുന്നില്ല'; കരിങ്കൊടി പ്രതിഷേധത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ കാറില്‍ ഇടിച്ചുവെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.

kerala sfi protest against governor arif mohammed khan more visuals out joy
Author
First Published Jan 27, 2024, 3:56 PM IST

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഗവര്‍ണറുടെ കാറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടിക്കുന്നത് ദൃശ്യങ്ങളിലില്ല. എസ്എഫ്‌ഐ പ്രതിഷേധക്കാരെ കണ്ട് കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ അവരുടെ അടുത്തേക്ക് നീങ്ങുന്നതും പ്രവര്‍ത്തകരെ പൊലീസ് തടയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്റെ കാറില്‍ ഇടിച്ചുവെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.
 


അതേസമയം, കേന്ദ്ര സേനയെ ഇറക്കിയാലും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ വ്യക്തമാക്കി.  ആക്രമിച്ചുവെന്ന ഗവര്‍ണറുടെ വാദം നുണയാണ്. എല്ലാ സാധ്യതയും അദ്ദേഹം ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല കേരളത്തിലെ പൊലീസ്. കരിങ്കൊടി പ്രതിഷേധക്കാര്‍ക്കെതിരെ ഐപിസി 124 ചുമത്തിയതില്‍ കടുത്ത വിമര്‍ശനം എസ്എഫ്‌ഐക്കുണ്ട്. അത് ചുമത്തേണ്ടതായ യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ല. ഗവര്‍ണറുടെ ഇടപെടല്‍ മാനസിക വിഭ്രാന്തി ബാധിച്ച പോലെയാണ്. ജനാധിപത്യ സമരങ്ങളെ ഗവര്‍ണര്‍ പുച്ഛിക്കുകയാണ്. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവര്‍ണറുടേത്. പൊറാട്ടു നാടകമാണ് ഗവര്‍ണര്‍ കളിക്കുന്നത്. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ഗവര്‍ണര്‍ കാറിന് പുറത്തിറങ്ങിയത്. അധികാരം ദുര്‍വിനിയോഗമാണിതെന്നും ആര്‍ഷോ പറഞ്ഞു. 

എസ്എഫ്‌ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്ക് കൂടി ബാധകമാക്കിയത്. പുതിയ നിര്‍ദ്ദേശപ്രകാരം ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജന്‍സിയായ സിആര്‍പിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.

ഗവര്‍ണറുടെ സുരക്ഷക്ക് കേന്ദ്രസേന: ഇനി Z+ സുരക്ഷ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം രാജ്ഭവനെ അറിയിച്ചു 
 

Latest Videos
Follow Us:
Download App:
  • android
  • ios