അക്കാദമിക് ഫാസിസമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. കേന്ദ്രസർക്കാർ കൊണ്ടു വരുന്ന  പുതിയ വിദ്യാഭ്യാസ നയം ഒട്ടുംതന്നെ ജനാധിപത്യപരമല്ല. 

തിരുവനന്തപുരം: സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾ കേരളം അംഗീകരിക്കില്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. സഹകരണ നയം വഴി സംസ്ഥാനത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഞങ്ങൾ പറയുന്നത് നിങ്ങൾ നടപ്പാക്കണമെന്നാണ് കേന്ദ്ര തീരുമാനമെന്നും കോടിയേരി വിമർശിച്ചു.

അക്കാദമിക് ഫാസിസമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. കേന്ദ്രസർക്കാർ കൊണ്ടു വരുന്ന പുതിയ വിദ്യാഭ്യാസ നയം ഒട്ടുംതന്നെ ജനാധിപത്യപരമല്ല. സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് പുതിയ വിദ്യാഭ്യാസനിയമം. ഇതിനെതിരെ വ്യാപക വിമർശനം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. ദുർബലവിഭാഗത്തോട് അനീതി കാണിക്കുന്ന കേന്ദ്ര പാഠ്യപദ്ധതി പരിഷ്കരണത്തോട് കേരളം സഹകരിക്കാൻ പാടില്ലെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ടീച്ചേർസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി. 

ഭരണഘടനയ പൊളിച്ചെഴുതാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. രാജ്യസഭയിൽ നിന്നും 12 എംപിമാരെ പുറത്താക്കിയത് ഈ സമ്മേളനത്തിൽ പ്രശ്നമുണ്ടാക്കിയതിനല്ല. കഴിഞ്ഞ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിലാണ്. അസാധാരണമായ നടപടികളാണ് കേന്ദ്രസ‍ർക്കാരിൽ നിന്നുണ്ടാവുന്നത്. എതിർ ശബ്ദങ്ങൾക്ക് കേന്ദ്രം ചെവി കൊടുക്കുന്നില്ല. ചർച്ച കൂടാതെ നിയമങ്ങൾ പാസാക്കുകയും ജനകീയ പ്രതിരോധമുണ്ടായാൽ ചർച്ചയില്ലാതെ അവ പിൻവലിക്കുകയും ചെയ്യുകയാണ്. ചോദ്യം ചെയ്യാനാളില്ലാതെ കാര്യങ്ങൾ തീരുമാനിക്കാനുള്ള സംവിധാനമാണ് കേന്ദ്രം കൊണ്ടുവരുന്നത്. രാജ്യത്തെ ജനാധിപത്യത്തെ അവ‍ർ തകർക്കുകയാണ്. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാകാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. പുതിയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമാണ്. എന്നാൽ ഫെഡറൽ സംവിധാനത്തിൽ കേരളം വിട്ടുവീഴ്ച ചെയ്യില്ല.