Asianet News MalayalamAsianet News Malayalam

''ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'', കൊവിഡ് കാല സമ്മർദം കുറയ്ക്കാൻ കൗൺസിലിംഗുമായി സർക്കാർ

മാനസിക രോഗമുള്ളവർ, വയോജനങ്ങൾ, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കൾ എന്നിവരെയും അങ്ങോട്ട് ബന്ധപ്പെടുന്നുണ്ട്. മദ്യാപാനാസക്തിയുള്ളവരുടെ കൗൺസിലിങും ഈ ടീം നടത്തുന്നുണ്ട്.

kerala starts helpline number to help people overcome mental stress at covid time
Author
Thiruvananthapuram, First Published May 10, 2021, 7:00 PM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ ''ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'' എന്ന മാനസികാരോഗ്യ, കൗൺസിലിംഗ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ജില്ലയിലും മെന്‍റൽ ഹെൽത്ത് ടീമിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുക. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരടങ്ങിയ 1400 പേർ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി ഈ ടീം വിപുലീകരിക്കും. പോസിറ്റീവാകുന്നവരുടെ ലിസ്റ്റ് ടീമിന് കൈമാറും. ഓരോ വ്യക്തിയെയും നേരിട്ട് വിളിച്ച് അവരുടെ മാനസികമായ ബുദ്ധിമുട്ടും ആവശ്യങ്ങളും ചോദിച്ചറിയും. മാനസിക ബുദ്ധിമുട്ട് നേരിടുന്നെങ്കിൽ രണ്ടാമത്തെ കോളിൽ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച് പരിഹാരം നിർദ്ദേശിക്കും. മരുന്ന് വേണമെങ്കിൽ പിഎച്ച്സി വഴി മരുന്നെത്തിക്കും. മറ്റ് ആവശ്യങ്ങൾ ഐസിഡിഎസ്, തദ്ദേശ സ്ഥാപനം എന്നിവ വഴിയും നിറവേറ്റാൻ ശ്രമിക്കും. കൊവിഡ് മുക്തരായവരെ 20 ദിവസത്തിന് ശേഷം പോസ്റ്റ് കൊവിഡ് ബുദ്ധിമുട്ടുണ്ടോയെന്ന് തിരക്കാനും നിർദ്ദേശം നൽകി - മുഖ്യമന്ത്രി പറഞ്ഞു. 

മാനസിക രോഗമുള്ളവർ, വയോജനങ്ങൾ, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കൾ എന്നിവരെയും അങ്ങോട്ട് ബന്ധപ്പെടുന്നുണ്ട്. മദ്യാപാനാസക്തിയുള്ളവരുടെ കൗൺസിലിങും ഈ ടീം നടത്തുന്നുണ്ട്.

വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ സ്കൂൾ കുട്ടികളെയും ഈ ടീം ബന്ധപ്പെടുന്നുണ്ട്. 7.12 ലക്ഷം കുട്ടികളെ ഇതുവരെ വിളിച്ചു. 73723 കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. 63000 കോളുകൾ ആരോഗ്യപ്രവർത്തകർക്കായി വിളിച്ചു. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സ്ട്രെസ് മാനേജ്മെന്റ് നടത്തുന്നുണ്ട്.

എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ്ലൈൻ നമ്പർ ലഭ്യമാണ്. ദിശ ഹെൽപ്‌ലൈൻ 1056 ലും ബന്ധപ്പെടാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാകും. 

Follow Us:
Download App:
  • android
  • ios