ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും മുനമ്പം ഭൂമിയുടെ ഉടമസ്ഥ അവകാശം കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. വവഖഫ് ബോർഡിന് മുനമ്പത്തുകാരോട് വിദ്വേഷമില്ലെന്നും സഹതാപം മാത്രമെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: മുനമ്പത്തെ വഖഫ് തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സാങ്കേതിക നടപടികൾ പൂർത്തിയാക്കാനാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിന് മുനമ്പത്തുകാരോട് വിദ്വേഷമില്ലെന്നും സഹതാപം മാത്രമെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയിൽ കേസ് തുടരുന്ന 500ൽ അധികം ഭൂമികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സാങ്കേതിക നടപടി പൂർത്തിയാക്കാനാണ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്നും മെയ് 17ന് മുൻപ് ഈ നടപടി പൂർത്തിയാക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു. 9000 ത്തോളം വഖഫ് ഭൂമികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. മുനമ്പം അടക്കം ഹൈക്കോടതിയിൽ കേസ് തുടരുന്ന 500 അധികം ഭൂമികളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍, കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും പോർട്ടലിൽ രജിസ്റ്റർ ചെയ്താലും ഭൂമിയുടെ ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫ് നിയമിച്ച വഖഫ് ബോർഡ് അല്ല മുനമ്പം രജിസ്റ്ററിയിൽ ഉൾപ്പെടുത്തിയത്. 2019ൽ യുഡിഎഫിന്റെ വഖഫ് ബോർഡാണ് ഇത് രജിസ്റ്ററിയിൽ ഉൾപ്പെടുത്തിയതെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു.

മുനമ്പത്തെ വഖഫ് തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംസ്ഥാന വഖഫ് ബോർഡിനെ പിരിച്ച് വിടണമെന്നാണ് സമരസമിതിയുടെ ആവശ്യം. നിയമതർക്കം നടക്കുന്ന ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെതിരെ നിലപാട് കടുപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. വഖഫ് നിയമഭേദഗതിയോടെ കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിലാണ് വഖഫ് ഭൂമികൾ അന്തിമമായി രജിസ്റ്റർ ചെയ്യേണ്ടത്. സങ്കീർണമായ നിയമപ്രശ്നത്തിനിടെ മുനമ്പത്തെ ഭൂമി സംസ്ഥാന വഖഫ് ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മറ്റൊരു നിയമ കുരുക്കായി. ഈ സാഹചര്യത്തിലാണ് ആശങ്ക അറിയിച്ച് മുനമ്പം സമരസമിതി രംഗത്തെത്തിയത്. ഉടൻ മുഖ്യമന്ത്രിയെ കണ്ട് പരിഹാരം ആവശ്യപ്പെടുമെന്നും സമരസമിതി അറിയിച്ചു. നിയമനടപടി തുടരുന്ന ഭൂമി പോർട്ടലിൽ ചേർത്ത സംസ്ഥാന വഖഫ് ബോർഡിനെ സർക്കാർ പിരിച്ച് വിടണമെന്നാണ് മുനമ്പം സമരസമിതിയുടെ ആവശ്യം. അതേസമയം, രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് എൽഡിഎഫ് സർക്കാർ നിയമിച്ച വഖഫ് ബോർഡ് നടത്തിയതെന്ന് മുഖ്യമന്ത്രി ഇന്നലെ വിമർശിച്ചു.

YouTube video player